മോദിയോട് ഏറ്റുമുട്ടാനില്ല; ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് വാരണാസിയിൽ മത്സരിക്കില്ല

By Web TeamFirst Published Apr 17, 2019, 10:03 PM IST
Highlights

എന്റെ സ്ഥാനാർത്ഥിത്വം മോദിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. അത് ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ മോദിയുടെ തോൽവി ആഗ്രഹിക്കുന്നവരാണ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിറ്റിങ് സീറ്റായ വാരണാസിയിൽ അദ്ദേഹത്തിനെതിരെ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് മത്സരിക്കില്ല. തന്റെ സ്ഥാനാർത്ഥിത്വം മോദിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എസ്‌പി-ബിഎസ്‌പി സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് തീരുമാനം. ഭീം ആർമി ഇക്കാര്യം ആവശ്യപ്പെട്ടതായി ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.

മായാവതിയുടെ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളെ ബിജെപിയുടെ ഏജന്റ് എന്ന് വിമർശിച്ച മായാവതിയുടെ പ്രസംഗത്തോട് ആസാദ് പ്രതികരിച്ചത് ഇങ്ങിനെ. "ഞങ്ങളുടെ തന്നെ ആളുകൾ ഞങ്ങളെ വിളിക്കുന്നത് ബിജെപിയുടെ ഏജന്റുമാർ എന്നാണ്. എന്നാൽ ഞങ്ങൾക്ക് വേണ്ടത് മോദിയുടെ പരാജയമാണ്. മായാവതി പ്രധാനമന്ത്രിയാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം," ആസാദ് വ്യക്തമാക്കി.

"എന്റെ സ്ഥാനാർത്ഥിത്വം മോദിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. അത് ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ മോദിയുടെ തോൽവി ആഗ്രഹിക്കുന്നവരാണ്", സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി അദ്ദേഹം പറഞ്ഞതിങ്ങനെ.

ബ്രാഹ്മണനായ സതീഷ് ചന്ദ്ര മിശ്രയെ വാരണാസിയിൽ സ്ഥാനാർത്ഥിയാക്കിയാൽ സവർണ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കൂടി സാധിക്കുമെന്ന് ആസാദ് പറഞ്ഞു. അതേസമയം സമാജ് വാദി പാർട്ടിക്കെതിരെ കടുത്ത വിമർശനമാണ് ആസാദ് ഉന്നയിച്ചത്. അവരാണ് ബിജെപിയുടെ ഏജന്റുമാരെന്നും, താനല്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ മോദി പ്രധാനമന്ത്രിയായി വരണം എന്ന് പറഞ്ഞത് മുലായം സിങ് യാദവാണെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

 

click me!