രാഹുലിനെ ഇറക്കി കോൺഗ്രസിന്‍റെ പൂഴിക്കടകൻ; അപ്രതീക്ഷിത ട്വിസ്റ്റിന്‍റെ ആവേശത്തിൽ യുഡിഎഫ്

By Web TeamFirst Published Mar 23, 2019, 4:17 PM IST
Highlights

തീര്‍ത്തും അപ്രതീക്ഷിതമായി വയനാട്ടിൽ രാഹുൽ ഗാന്ധി വരുന്നെന്ന് അറിഞ്ഞതോടെ കേരളത്തിലെ കളമാകെ മാറി. കോൺഗ്രസിനകത്തെ തര്‍ക്കങ്ങളും ഗ്രൂപ്പ് വടംവലികളും സ്വിച്ചിട്ടപോലെ നിന്നതിന്‍റെ ആശ്വാസം ഒരു വശത്ത്... 

തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകളിൽ കോൺഗ്രസിന് മുന്നിലെ കീറാമുട്ടിയായിരുന്നു വയനാട്. നേതാക്കളും ഗ്രൂപ്പുകളും ദിവസങ്ങളോളം വയനാടിന് വേണ്ടി കടിപിടി കൂടി. ഒടുവിൽ ഉമ്മൻചാണ്ടിയുടെ പിടിവാശി സ്ഥാനാര്‍ത്ഥിയെന്ന നിലയിൽ ടി സിദ്ദിഖിനെ വയനാട്ടിൽ മത്സരിക്കാൻ നിയോഗിക്കുകയും സിദ്ദിഖ് വയനാട്ടിലെത്തി പ്രചാരണം തുടങ്ങുകയും ചെയ്തു. മുറിവേറ്റ മൃഗം പോലെ അസംതൃപ്തികളുടെ ഗ്രൂപ്പ് കളി കോൺഗ്രസിനകത്ത് നീറി പുകയുന്നതിനിടെയാണ് ദില്ലിയിൽ നിന്ന് ആ വാര്‍ത്ത എത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ഒരു പക്ഷെ വയനാട് വേണ്ടിവരും.
 

കേരളത്തിൽ നിന്ന് രാഹുൽ മത്സരിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ടെന്നും അതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു കെപിസിസിയുടെ പ്രതികരണം. രാഹുലിന്‍റെ വരവിനെ പ്രകീര്‍ത്തിച്ച് നേതാക്കളുടെ പ്രതികരണങ്ങൾ പിന്നാലെ എത്തി. പ്രചാരണം പാതി വഴിയിൽ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് രാഹുലിനെ നിറഞ്ഞ മനസ്സോടെ വരവേൽക്കുകയാണെന്ന് അറിയിച്ചു. 

തീര്‍ത്തും അപ്രതീക്ഷിതമായി വയനാട്ടിൽ രാഹുൽ ഗാന്ധി വരുന്നെന്ന് അറിഞ്ഞതോടെ കേരളത്തിലെ കളമാകെ മാറി. കോൺഗ്രസിനകത്തെ തര്‍ക്കങ്ങളും ഗ്രൂപ്പ് വടംവലികളും സ്വിച്ചിട്ടപോലെ നിന്നതിന്‍റെ ആശ്വാസം ഒരു വശത്ത്. കേരളത്തിലെ ഇരുപതിൽ ഇരുപതും  മാത്രമല്ല കര്‍ണാടകത്തിലെയും തമിഴ്മനാട്ടിലെയും പോണ്ടിച്ചേരിയിലേയുമൊക്കെ പരമാവധി സീറ്റകളിലും രാഹുൽ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. നാല് സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 88 സീറ്റിലെങ്കിലും പ്രതിഫലനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെയും വിലയിരുത്തൽ.

കര്‍ണാടക പിസിസിയാണ് രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏറെ ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. കര്‍ണാകയോട് അതിര്‍ത്തി പങ്കിടുന്ന വയനാട്ടിൽ രാഹുൽ വരുന്നതോടെ പരമാവധി മണ്ഡലങ്ങളിൽ ജനവിധി അനുകൂലമാക്കാമെന്ന വിലയിരുത്തൽ അവര്‍ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. അഭിപ്രായ സര്‍വ്വെയിൽ ബിജെപിക്ക് മേഖലയിലുടനീളം പ്രവചിച്ച മേൽക്കൈ കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍റ് ഇടപെടലെന്നാണ് വിവരം.   

കേരളത്തിലും ദക്ഷിണേന്ത്യയിലാകെയുമുള്ള നിര്‍ണ്ണായക ന്യൂനപക്ഷ സ്വാധീനമേഖലകൾ ആര്‍ക്കൊപ്പം നിൽക്കണമെന്ന ചോദ്യത്തിനും രാഹുൽ ഗാന്ധിയുടെ വരവോടെ ഉത്തരം കിട്ടുമെന്നാണ് കോൺഗ്രസിന്‍റെയും ഘടകകക്ഷികളുടേയും വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിൽ മോദിയോട് എതിരിടാൻ ആരുണ്ടെന്ന ചോദ്യത്തിന് തൽക്കാലം രാഹുൽ ഗാന്ധിയുടെ പേരാണ് മറുപടി. വീണുകിട്ടിയ നിധിയാണ് രാഹുലെന്നും രാഹുലിന്‍റെ വരവ് അത്ഭുതങ്ങളുണ്ടാക്കുമെന്നുമാണ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം. 

അതെ സമയം അമേഠി രാഹുലിന്‍റെ കര്‍മ്മഭൂമിയാണെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോൾ അത് തന്നെ ആയുധമാക്കാനായിരിക്കും എതിരാളികളുടെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനിക്ക് ഭൂരിപക്ഷം ഗണ്യമായി കുറക്കാനായിരുന്നു എന്ന് മാത്രമല്ല അമേഠി പിടിക്കാനുള്ള ആസൂത്രിത നീക്കം ബോധപൂര്‍വ്വം തന്നെ ബിജെപി ഏറ്റെടുക്കുകയും ചെയ്തിരുന്നു. യോഗി ആദിത്വ നാഥ് അടക്കം അമേഠിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണ്ഡലം രാഹുലിന് നിലവിൽ അത്ര സുരക്ഷിതമല്ലെന്ന കണക്കുകൂട്ടൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ട്. 

മാത്രമല്ല ഇന്ത്യയിലൊട്ടാകെ പ്രചരണത്തിന് ചുക്കാൻ പിടിക്കേണ്ട രാഹുലിന് അമേഠിയിൽ മാത്രം ഒതുങ്ങി നിന്ന് പ്രചാരണം നടത്താനുള്ള സാഹചര്യവും നിലവിലില്ല. ഇത് കൂടി കണക്കിലെടുത്താണ് ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലങ്ങളിലൊന്ന് എന്ന് വിലയിരുത്തുന്ന വയനാട്ടിലേക്ക് രാഹുൽ എത്തുന്നത്.


 

click me!