വിലക്ക് പിൻവലിക്കണം, യോഗി ആരെയും അധിക്ഷേപിച്ചിട്ടില്ല; ബിജെപി

By Web TeamFirst Published Apr 16, 2019, 6:57 PM IST
Highlights

യോഗി ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും മറുപടി നൽകാനുള്ള അവകാശം നിഷേധിക്കരുതെന്നുമാണ് ബിജെപി വാദം. 

ദില്ലി: വർഗീയ - വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് യോഗി ആദിത്യനാഥിന് മേൽ ചുമത്തിയ മൂന്ന് ദിവസത്തെ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി. യോഗി ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും മറുപടി നൽകാനുള്ള അവകാശം നിഷേധിക്കരുതെന്നുമാണ് ബിജെപി വാദം. ആദിത്യനാഥിന്‍റെ ട്രാക്ക് റെക്കോർഡ് പരിശോധിച്ച് വിലക്കിൽ ഇളവ് നൽകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

യോഗിയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി, കോൺഗ്രസിന്‍റെ ടിവി പരസ്യത്തിനെതിരെയും നവ്ജോത് സിങ്ങ് സിദ്ദുവിന്‍റെ മുസ്ലീം പ്രസംഗത്തിനെതിരെയും പരാതിയും നൽകി.

രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കേയായിരുന്നു, ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയെയും പ്രചാരണത്തിൽ നിന്ന് വിലക്കിയത്. ഇതോടെ രണ്ടാം ഘട്ടത്തിന്‍റെ കൊട്ടിക്കലാശ ദിവസം ഉത്തർപ്രദേശിൽ എട്ട് സീറ്റുകൾ പോളിംഗിന് പോകുന്നതിന് മുമ്പ് ഇരുവർക്കും പ്രചാരണത്തിനെത്താനാകില്ലെന്ന സ്ഥിതിയുണ്ടായി. 

ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസവുമാണ് വിലക്ക് (48 മണിക്കൂർ). ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മുഖ്യമന്ത്രിയെ പ്രചാരണത്തിൽ നിന്ന് വിലക്കുന്നത്. എട്ട് മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെത്തുക. നാഗിന, അംരോഹ, ബുലന്ദ്ഷെഹർ, അലിഗഢ്, ഹഥ്‍രസ്, മഥുര, ആഗ്ര, ഫത്തേപ്പൂർ സിക്രി. 

നാഗിനയിലും ഫത്തേപ്പൂർ സിക്രിയിലും പ്രചാരണം നടത്താനിരിക്കുകയായിരുന്നു ആദിത്യനാഥ്. ഏപ്രിൽ 18, 19 തീയതികളിൽ ഉത്തർപ്രദേശിന് പുറത്തായിരുന്നു ആദിത്യനാഥിന്‍റെ പ്രചാരണപരിപാടികൾ. ഇതിലും യു പി മുഖ്യമന്ത്രിക്ക് പങ്കെടുക്കാനാകില്ല. 

ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മീററ്റിൽ നടന്ന റാലിയിൽ യോഗി എസ്‍പി - ബിഎസ്‍പി സഖ്യത്തെയും കടന്നാക്രമിച്ചത്. മുസ്ലിം ലീഗിനെ 'പച്ച വൈറസ്' എന്ന് വിളിച്ച വിവാദപ്രസംഗത്തിനിടെ ആദിത്യനാഥ് ബിഎസ്‍പിയോട് 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നാണ് പ്രസംഗിച്ചത്. 

ഇതേ പ്രസംഗത്തിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച 'പച്ച വൈറസ്' ആണെന്നും അത് എസ്‍പിയെയും, ബിഎസ്‍പിയെയും ബാധിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പ്രസംഗിച്ചിരുന്നു. വൈറസിനെ നിയന്ത്രിച്ചില്ലെങ്കിൽ അത് രാജ്യമൊട്ടാകെ പടരുമെന്നും അത് നിയന്ത്രിക്കണമെന്നും ആദിത്യനാഥ് പ്രസംഗിച്ചു. കോൺഗ്രസിനും മഹാ ഗഡ്ബന്ധൻ പാർട്ടികൾക്കും (മഹാസഖ്യത്തിലെ) ദേശസുരക്ഷയെക്കുറിച്ചും രാജ്യവികസനത്തെക്കുറിച്ചും ചിന്തയില്ലെന്നും അന്ന് ആദിത്യനാഥ് ആരോപിച്ചു. 

ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

click me!