'പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുലാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല', ചന്ദ്രബാബു നായിഡു

By Web TeamFirst Published Apr 16, 2019, 6:29 PM IST
Highlights

വിശാലപ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നതിനെക്കുറിച്ച് ഇതുവരെ ധാരണയൊന്നും ഉരുത്തിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് ചന്ദ്രബാബു നായിഡുവിന്‍റെ വാക്കുകൾ. നായിഡുവുമായി ഞങ്ങളുടെ പ്രതിനിധി മനു ശങ്കർ നടത്തിയ അഭിമുഖം. 

ചെന്നൈ: പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് തെലുഗു ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. അതേക്കുറിച്ച് കൂടുതൽ ഇപ്പോൾ പറയാനാകില്ലെന്നും നായിഡു വ്യക്തമാക്കി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ചന്ദ്രബാബു നായിഡു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതിപക്ഷ ഐക്യ നിരയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ ഇനിയും സമവായമുണ്ടായിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് ചന്ദ്രബാബു നായിഡുവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കോൺഗ്രസിനൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചവരാണ് ചന്ദ്രബാബു നായിഡുവും ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിനും. എൻഡിഎ സഖ്യത്തിൽ നിന്ന് പിണങ്ങി യുപിഎയ്ക്ക് ഒപ്പം എത്തിയ ചന്ദ്രബാബു നായിഡുവിന് പ്രധാനമന്ത്രി പദത്തിൽ നോട്ടമുണ്ടെന്നും വിലയിരുത്തലുണ്ട്. 

ആന്ധ്രയിലും തെലങ്കാനയിലും മികച്ച ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് ചന്ദ്രബാബു നായിഡു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം, അമ്പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നായിഡു വ്യക്തമാക്കി. അമ്പത് ശതമാനം വിവിപാറ്റുകൾ എണ്ണുന്നതിലൂടെ വലിയ സമയനഷ്ടമുണ്ടാകില്ല. പോളിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ അമ്പത് ശതമാനം വിവിപാറ്റുകൾ എണ്ണണം. ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. 

ആന്ധ്രയിൽ വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ചന്ദ്രബാബു നായിഡു നേരത്തേ ആരോപിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതാണ്. നിരവധി മെഷീനുകളിൽ വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ലെന്നും വിവിപാറ്റുകളിൽ സ്ലിപ്പുകൾ കാണുന്നതിൽ പ്രശ്നങ്ങളുണ്ടെന്നും നായിഡു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് തനിക്ക് കിട്ടിയ മറുപടിയിൽ തൃപ്തിയില്ലെന്നും കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് കുത്തിയിരിപ്പ് സമരം തുടങ്ങുമെന്നും നായിഡു വ്യക്തമാക്കിയിരുന്നു. 

click me!