കളക്ടര്‍ പിണറായി സര്‍ക്കാരിന് ദാസ്യപ്പണി ചെയ്യുന്നു; അനുപമക്കെതിരെ ബിജെപി

By Web TeamFirst Published Apr 7, 2019, 10:49 AM IST
Highlights

ബിജെപി ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് മറുപടി പറയാനില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ ടിവി അനുപമ. താന്‍ തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണങ്ങള്‍ക്കുള്ള അവരുടെ മറുപടി. 
 

തൃശ്ശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ച ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. പിണറായി സര്‍ക്കാരിന് ദാസ്യപ്പണി ചെയ്യുകയാണ് കളക്ടറെന്ന്  ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

കളക്ടറുടെ നടപടി ശുദ്ധഅസംബന്ധമാണ്. പെരുമാറ്റ ചട്ടം എന്താണെന്ന് കളക്ടര്‍ ആദ്യം പഠിച്ചിട്ടു വരണം. ശബരിമല ബിജെപിയുടെ പ്രചാരണ വിഷയമാണെന്നും അതിനിയും ചര്‍ച്ച ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. പിണറായി സര്‍ക്കാരിന് വേണ്ടി ദാസ്യപ്പണി ചെയ്ത് സര്‍ക്കാരിന്‍റെ ദത്തുപുത്രിയാവാനാണ് കളക്ടറുടെ ശ്രമം അതല്ലെങ്കില്‍ അവരുടെ വിവരക്കേട് കൊണ്ടാണ് ഇങ്ങനെ ചെയ്തത് അതുമല്ലെങ്കില്‍ വിവാദങ്ങളിലൂടെ പ്രശസ്തയാവാനുള്ള കുറുക്കുവഴിയായിട്ടാവാം കളക്ടര്‍ ഇതിനെ കണ്ടെെന്നും ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നേരത്തെ നവോത്ഥാന മതിലില്‍ പങ്കു ചേര്‍ന്ന സംഭവത്തില്‍ അനുപമയ്ക്കെതിരെ ബിജെപി വിമര്‍ശനവുമായി വന്നിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് അയച്ച വിഷയം കൂടുതല്‍ ചര്‍ച്ചയാക്കി അതുവഴി ശബരിമല വിഷയം ചര്‍ച്ചയില്‍ നിലനിര്‍ത്താനാണ് ബിജെപിയുടെ തന്ത്രം എന്നാണ് സൂചന. അതേസമയം തനിക്കെതിരെ ബിജെപി ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് മറുപടി പറയാനില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ ടിവി അനുപമ. താന്‍ തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണങ്ങള്‍ക്കുള്ള അവരുടെ മറുപടി. 

click me!