തുഷാർ മത്സരിക്കണം; സമ്മർദ്ദം ശക്തമാക്കി അമിത് ഷാ, വെള്ളാപ്പള്ളിയെ മെരുക്കൽ ലക്ഷ്യം

By Web TeamFirst Published Mar 2, 2019, 7:26 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം. തുഷാർ മത്സരിക്കുന്നത് ഗുണകരമാകുമെന്ന് ദില്ലിയിലെ കൂടിക്കാഴ്ചയിൽ അമിത്ഷാ വ്യക്തമാക്കി.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം. തുഷാർ മത്സരിക്കുന്നത് ഗുണകരമാകുമെന്ന് ദില്ലിയിലെ കൂടിക്കാഴ്ചയിൽ അമിത്ഷാ വ്യക്തമാക്കി.

ഒഴിഞ്ഞുമാറാനുള്ള തുഷാറിന്‍റെ ശ്രമം അനുവദിക്കേണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം. നിർണ്ണായക തെരഞ്ഞെടുപ്പ് ആയതിനാൽ തുഷാർ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന് ഒരിക്കൽ കൂടി അമിത്ഷാ അറിയിച്ചു.

ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കാനുണ്ടാകുമെന്ന സൂചന ഷാ നൽകി. ഘടകകക്ഷി നേതാക്കളും ഇറങ്ങിയാൽ മത്സരം കൂടുതൽ ശക്തമാക്കാമെന്നാണ് അമിത്ഷായുടെ നിലപാട്.

കഴിഞ്ഞമാസം നടന്ന കൂടിക്കാഴ്ചയിലും സമാന ആവശ്യം ഷാ ഉന്നയിച്ചിരുന്നു. എസ്എൻഡിപി ഭാരവാഹിയായതിനാൽ സംഘടനയിൽ കൂടുതൽ ചർച്ച വേണമെന്നായിരുന്നു തുഷാറിന്‍റെ മറുപടി. സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാർട്ടിയിൽ തുടർന്നാലേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകൂ എന്നും സ്ഥാനാ‍ർത്ഥി അല്ലെങ്കിൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിൽ കൂടുതൽ സജീവമാകാമെന്നും തുഷാർ അറിയിച്ചു.

വൈകാതെ എസ്എൻഡിപിയുടെയും ബിഡിജെഎസിന്‍റെയും യോഗങ്ങൾ ചേർന്ന് ബിജെപി ആവശ്യം വീണ്ടും ചർച്ച ചെയ്യും. ബിഡിജെഎസിന്‍റെ കഴിഞ്ഞ കൗൺസിലിൽ, മത്സരിക്കാനില്ലെന്നായിരുന്നു തുഷാർ അറിയിച്ചത്.

തുഷാറിനെ സ്ഥാനാർത്ഥിയാക്കിയാൽ ഇടത് സർക്കാരിനോട് അടുത്ത വെള്ളാപ്പള്ളി നടേശനെ കൂടുതൽ സമ്മർദ്ദത്തിലാക്കാമെന്ന കണക്ക് കൂട്ടലും ബിജെപിക്കുണ്ട്. തുഷാറിന്‍റെ അന്തിമസമ്മതം അനുസരിച്ചാകും എൻഡിഎ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുക. തുഷാർ വന്നാൽ തൃശൂരോ പാലക്കോടോ നൽകാമെന്ന് നേരത്തെ തന്നെ ബിജെപി ഉറപ്പ് നൽകിയിരുന്നു

click me!