
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആവേശമേറ്റി വമ്പന്‍ ബെെക്ക് റാലിയുമായി ബിജെപി. രാജ്യാത്താകെ 3500ഓളം ബെെക്ക് റാലികളാണ് ബിജെപി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു കോടിയോളം പ്രവര്‍ത്തകര്‍ പങ്കെടുത്തുവെന്നും ബിജെപി അവകാശപ്പെട്ടു.
മധ്യപ്രദേശിലെ ഉമാരിയയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് റാലി ഉദ്ഘാടനം ചെയ്തത്. ബെെക്കിന്‍റെ പിന്നില്‍ കൊടിപിടിച്ച് ഇരിക്കുന്ന അമിത് ഷായുടെ ചിത്രം ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദില്ലിയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.
റാലിയിലുടനീളം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനാണ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജയസങ്കല്‍പ് യാത്ര എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ അക്രമിച്ചതില്‍ സംശയങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിനെ വിമര്‍ശിച്ചാണ് ഉമാരിയയില്‍ അമിത് ഷാ റാലി ഉദ്ഘാടനം ചെയ്തത്.
രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെയാണ് അമിത് ഷാ കൂടുതലായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഭീകരവാദികളെ ഏറ്റവും കൂടുതല്‍ ഉന്മൂലനം ചെയ്യാന്‍ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.