
തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകാൻ ബിജെപി കോർ കമ്മിറ്റി നാളെ ചേരും. ബിജെപി ജനറൽ സെക്രട്ടറിമാർ നയിക്കുന്ന പരിവർത്തനയാത്രകൾക്ക് ഇന്ന് സമാപനമാകും. കുമ്മനത്തെ ഇറക്കിയതിന് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും ആർഎസ്എസ് ശക്തമായ സ്വാധീനം ചെലുത്തും.
എൽഡിഎഫ് കരുത്തരെ ഇറക്കി. യുഡിഎഫ് പട്ടികയിലും സീനിയേഴ്‍സിന്‍റെ മുൻതൂക്കമുണ്ട്. അതിനാൽ ബിജെപിയും മുതിർന്ന നേതാക്കളെ തന്നെ കളത്തിലിറക്കാനാണ് ആലോചന. എ പ്ലസ് മണ്ഡലങ്ങളിൽ പാർട്ടിക്ക് പുറത്തെ പ്രമുഖരെക്കാൾ നേതാക്കൾക്ക് തന്നെയാണ് മുൻതൂക്കം. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചു. മറ്റന്നാൾ തിരുവനന്തപുരത്തെത്തുന്ന കുമ്മനത്തിന് വൻ വരവേല്പാണ് പാർട്ടി ഒരുക്കുന്നത്.
കൂറ്റൻ സ്വീകരണം പ്രചാരണത്തിൻറെ തുടക്കമാക്കി മാറ്റാനാണ് ശ്രമം. പക്ഷെ കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ എൻഎസ്എസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന വിവരമുണ്ട്. തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ മത്സരിക്കുന്നതിനോടാണ് എൻഎസ്എസ്സിന് താല്പര്യം. പത്തനംതിട്ടക്കായി പിഎസ് ശ്രീധരൻപിള്ള ശ്രമിക്കുന്നു. കെ സുരേന്ദ്രന് താല്പര്യം തൃശൂരാണ്.
എന്നാൽ, തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തൃശൂർ ബിഡിജെഎസിന് നൽകേണ്ട സാഹചര്യവുമുണ്ട്. കേന്ദ്ര നിലപാടിനൊപ്പം ആർഎസ്എസ് നിർദ്ദേശവും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രധാനമാണ്. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളക്ക് ഇറങ്ങാനും ആർഎസ്എസ് കനിയണം. സുരേന്ദ്രനോട് മുമ്പുണ്ടായിരുന്ന എതിർപ്പ് ആർഎസ്എസ്സിന് ഇപ്പോഴില്ല.