സ്ഥാനാർത്ഥി പട്ടികയിൽ തർക്കം തീരാതെ ബിജെപി; 18 സീറ്റിൽ സമവായമായില്ല

Published : Mar 11, 2019, 11:04 AM ISTUpdated : Mar 11, 2019, 11:06 AM IST
സ്ഥാനാർത്ഥി പട്ടികയിൽ തർക്കം തീരാതെ ബിജെപി;  18 സീറ്റിൽ സമവായമായില്ല

Synopsis

തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസും സീറ്റുറപ്പിച്ചു , പാലക്കാട്ട് ശോഭാ സുരേന്ദ്രനും കണ്ണൂരിൽ സികെ പദ്മനാഭനും കാസർകോട്ട് പികെ കൃഷ്ണദാസും കോഴിക്കോട്ട് എംടി രമേശും സാധ്യത പട്ടികയിൽ..

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപിയുടെ നിർണ്ണായക കോർകമ്മറ്റിയോഗം കോട്ടയത്ത് ചേരുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒഴികെ മറ്റൊരിടത്തും ഉറപ്പിച്ച് ഒരു  സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബിജെപിക്ക് ആയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. 

പത്തനംതിട്ടയുടെ കാര്യത്തിലാണ് പ്രധാന തർക്കം നടക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്ക് പത്തനംതിട്ടയിൽ മത്സരിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിർബന്ധം പിടിച്ചാൽ തുഷാറിന് തൃശൂർ നൽകേണ്ടിവരികയും തൃശൂരിലെ സാധ്യതാ പട്ടികയിൽ മുന്നിലുള്ള  കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ പരിഗണിക്കേണ്ടി വരുകയും ചെയ്യും. മാത്രമല്ല ബിജെപി സംസ്ഥാന പ്രസിഡന്‍റ് മത്സര രംഗത്ത് വേണോ എന്ന കാര്യത്തിലും ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാണ്. 

പന്തളം രാജകുടുംബത്തിലെ അംഗം ശശികുമാര വർമ്മയക്കമുള്ള പേരുകളും പത്തനംതിട്ടയിലേക്ക് ഉയർന്ന് വന്നിട്ടുമുണ്ട്. അതെ സമയം പാലക്കാട്ട് ശോഭ സുരേന്ദ്രനും കോഴിക്കോട്ട് എംടി രമേശും കണ്ണൂരിൽ സികെ പദ്മനാഭനും കാസർകോട്ട് പികെ കൃഷ്ണദാസും സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ മുന്നിലുണ്ട്. 

ബിജെപിക്ക് പുറത്തുള്ള പൊതു സമ്മതനെന്ന നിലയ്ക്ക് സിവി ആനന്ദബോസിനെ കൊല്ലത്തും പിഎസ് സി മുൻ ചെയർമാൻ  കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലും മത്സരിപ്പിക്കണമെന്ന് നിർദ്ദേശം ഉയർന്നിട്ടുണ്ടെങ്കിലും പാർട്ടിക്കകത്തും ബിജെപി നേതാക്കളിൽ വലിയൊരു വിഭാഗത്തിനും വലിയ അതൃപ്തി ഇക്കാര്യത്തിലുണ്ട്. 

കോട്ടയത്ത് ചേരുന്ന കോർ കമ്മിറ്റിയോഗം സ്ഥാനാർത്ഥി സാധ്യതകൾ ചർച്ച ചെയ്യുമെങ്കിലും തിരുവനന്തപുരവും കോട്ടയവും ഒഴികെ ബാക്കി എല്ലായിടത്തും ഒന്നിലധികം സ്ഥാനാർത്ഥികളുടെ പട്ടികയാകും ദേശീയ നേതൃത്വത്തിന്‍റെ പരിഗണനയ്ക്ക് നൽകുക.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?