മോദിയെയും അമിത്ഷായെയും കൊള്ളക്കാരെന്ന് വിളിച്ചു; നേതാവിനെ ബിജെപി പുറത്താക്കി

By Web TeamFirst Published Mar 26, 2019, 10:45 AM IST
Highlights

'നമ്മള്‍ തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ പ്രചാരമന്ത്രിയെയാണോ ? ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ടീ ഷര്‍ട്ടും ചായക്കപ്പും വില്‍ക്കുന്നതിലാണോ മിടുക്കനായി ഇരിക്കേണ്ടത്' എന്നും  ഐ പി സിങ് ചോദിച്ചു.
 

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച നേതാവിനെ ബിജെപി പുറത്താക്കി. ഇരുവരെയും ഗുജറാത്തി കൊള്ളക്കാര്‍ എന്ന് വിളിച്ച ഐ പി സിങ്ങിനെയാണ് പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. ബിജെപി തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ പ്രചാര്‍മന്ത്രിയെയാണോ എന്നും ഐ പി സിങ്ങ് പരിഹസിച്ചിരുന്നു.

ട്വീറ്റുകളിലൂടെയാണ് ഐ പി സിങ് ബിജെപി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയത്. 'ഞാന്‍ അച്ചടക്കമുള്ള ക്ഷത്രിയ കുടുംബത്തില്‍ ജനിച്ചവനാണ്. രണ്ട് ഗുജറാത്തി കൊള്ളക്കാരും കൂടി ഹിന്ദി സംസാരിക്കുന്ന ജനങ്ങളെയാകെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കുകയാണ്, നമ്മളോ നിശ്ശബ്ദരായും ഇരിക്കുന്നു'. ഐ പി സിങ് ട്വീറ്റ് ചെയ്തു. 'നമ്മള്‍ തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ പ്രചാരമന്ത്രിയെയാണോ? ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ടീ ഷര്‍ട്ടും ചായക്കപ്പും വില്‍ക്കുന്നതിലാണോ മിടുക്കനായി ഇരിക്കേണ്ടത്' എന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു. 

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പിന്തുണച്ചുള്ള നിലപാടും ഐ പി സിങ് വ്യക്തമാക്കിയിരുന്നു. അഖിലേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉത്തര്‍പ്രദേശിലെ യുവാക്കളില്‍ ആവേശം ഉയര്‍ത്തുന്നതാണ്. തന്‍റെ വീട് അഖിലേഷിന് തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സത്യം തുറന്നുപറയുന്നത് കുറ്റകൃത്യമായി കാണുന്ന പാര്‍ട്ടിയില്‍ ജനാധിപത്യം നഷ്ടമായിരിക്കുന്നു എന്നും ഐ പി സിങ് പ്രതികരിച്ചു. മുപ്പത് വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ഐ പി സിങ് പാര്‍ട്ടിയുടെ മുന്‍ വക്താവ് കൂടിയാണ്. 

click me!