ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള ജില്ലകളില്‍ പകുതി സീറ്റും ബിജെപിക്ക്

By Web TeamFirst Published May 29, 2019, 6:08 PM IST
Highlights

 79 സീറ്റുകളില്‍ 41എണ്ണവും വിജയിച്ചത് ബിജെപിയാണ്. ഇത് 2014ലെ സീറ്റുകളെക്കാള്‍ 7 എണ്ണം അധികമാണ്. അതേ സമയം ഈ ജില്ലകളില്‍ 12 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ആറിലേക്ക് താഴ്ന്നു.

ദില്ലി: തങ്ങളുടെ വിജയം ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്തിട്ടാണെന്ന് ബിജെപിക്ക് അവകാശപ്പെടാവുന്ന കണക്കുകള്‍ പുറത്ത്. 2008 ല്‍ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകരണം ഉള്ളതായി കണ്ടെത്തിയ 90 ജില്ലകളിലെ 50 ശതമാനം സീറ്റുകള്‍ നേടിയത്  ബിജെപിയാണ് എന്നാണ് ഇപ്പോള്‍ കണക്കുകള്‍ പുറത്തുവരുന്നത്.  ന്യൂനപക്ഷ കേന്ദ്രീകരണം മാത്രമല്ല രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക സൂചികളില്‍ ദേശീയ ശരാശരിക്കും താഴെയാണ് ഈ ജില്ലകള്‍ എന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്.

ഈ ജില്ലകളിലെ 79 സീറ്റുകളില്‍ 41എണ്ണവും വിജയിച്ചത് ബിജെപിയാണ്. ഇത് 2014ലെ സീറ്റുകളെക്കാള്‍ 7 എണ്ണം അധികമാണ്. അതേ സമയം ഈ ജില്ലകളില്‍ 12 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ആറിലേക്ക് താഴ്ന്നു. . സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഈ ജില്ലകളില്‍ 27 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം മറ്റ് പാര്‍ട്ടി ടിക്കററില്‍ മത്സരിച്ചവരാണ്. ബിജെപി ടിക്കറ്റില്‍ നിര്‍ത്തിയ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും ചെയ്തു. 

അതായത് പ്രതിപക്ഷം കരുതിയ പോലെ മുസ്ലിങ്ങള്‍ ഒന്നായി ഒരു പാര്‍ട്ടിക്കെതിരെ നിന്നില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേതില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വോട്ടിംഗ് ട്രെന്‍റ് ഈ ജില്ലകളില്‍ പ്രകടിപ്പിച്ചു. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നിന്ന് 18 സീറ്റുകളാണ് ബിജെപി നേടിയത്.

മത്സരിച്ച മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചും കോണ്‍ഗ്രസിന് നാലും എസ് പി,ബിഎസ്പി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ കക്ഷികള്‍ക്ക് മൂന്നുവീതം സീറ്റുകളുമാണ് നേടാനായത്. രാജ്യത്ത് മുസ്ലീം ജനസംഖ്യ 20 ശതമാനത്തോളം വരും എന്നാണ് കണക്കുകള്‍ പറയുന്നത്.

ബംഗാളില്‍ 49 ശതമാനം മുസ്ലീം ജനസംഖ്യയുള്ള റായിഗഞ്ച് മണ്ഡ‍ലം ഉത്തര്‍ ദിനാജ് പൂര്‍ ജില്ലയിലാണ് പെടുന്നത്. ഇവിടെ ജയിച്ചത് ബിജെപിയാണ്. ബിജെപി സ്ഥാനാര്‍ത്ഥി ടിഎംസി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് 60,574  വോട്ടിനാണ്. 

click me!