
ദില്ലി: മൂക്കിൽ വച്ച ബിസ്കറ്റ് ചാടിക്കടിക്കുന്ന ആ സ്മാർട്ട് പട്ടിക്കുഞ്ഞിനെ ഓർമയില്ലേ? രാഹുൽ തന്നെ സാമൂഹ്യമാധ്യമങ്ങൾ വഴി പരിചയപ്പെടുത്തിയ 'പിഡി' എന്ന പട്ടിക്കുഞ്ഞിനെ?
''ആരാണീ ആശാന് വേണ്ടി ട്വീറ്റ് ചെയ്യുന്നതെന്നറിയാമോ? ദാ ഈ ഞാൻ തന്നെ. ഞാനാണ് പിഡി, എനിക്കൊരു ട്വീറ്റ് വച്ച് ചെയ്യാൻ പറ്റണതെന്താന്ന് നോക്കിക്കേ, ഊപ്‍സ്, ട്രീറ്റ്!'', എന്ന രാഹുലിന്‍റെ ആ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളിൽ അന്ന് വൈറലായി. നിരവധിപ്പേർ ലൈക് ചെയ്തെങ്കിലും ചിലരെങ്കിലും ഇതുവച്ച് രാഹുലിനെ പരിഹസിച്ചു. പ്രത്യേകിച്ച് ബിജെപി നേതാക്കൾ.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജി സന്നദ്ധതയുമായി കളം വിടാൻ ഒരുങ്ങുന്ന രാഹുലിനോട് കോൺഗ്രസ് നേതാക്കൾ രാജി വയ്ക്കരുതെന്ന് അപേക്ഷിക്കുകയാണ്. എന്നാൽ രാജിയിലുറച്ചു നിൽക്കുകയാണ് രാഹുൽ.
തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ സമ്മർദ്ദങ്ങൾക്കിടയിലും അൽപനേരം റിലാക്സ് ചെയ്യാൻ സമയം കണ്ടെത്തുന്നുണ്ട് രാഹുൽ. ഇത് തെളിയിക്കുന്നതാണ് രാഹുലിന്‍റെ വീടിന് മുന്നിൽ പുലർച്ചെ കാത്തു നിന്ന ഇന്ത്യൻ എക്സ്‍പ്രസ് ഫോട്ടോഗ്രാഫർ അനിൽ ശർമ പകർത്തിയ ഈ ചിത്രം.
തോൽവിയും ഇതിന് പിന്നാലെ രാഹുലിന്‍റെ രാജി ആവശ്യത്തെത്തുടർന്ന് കോൺഗ്രസിലുടലെടുത്ത അനിശ്ചിതത്വവും രാഹുൽ ക്യാംപും മുതിർന്നവരുടെ ക്യാംപും തമ്മിൽ പുറത്തുവന്ന ഭിന്നതയുമെല്ലാം, തുടരുമ്പോഴും, രാഹുൽ രാവിലെ സ്വന്തം പട്ടിക്കുഞ്ഞായ 'പിഡി'യുമായി രാവിലെ യാത്ര പോകുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്.