കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കി,സിപിഎമ്മിന്‍റെ വോട്ട് നേടിയത് ബിജെപി: എം ടി രമേശ്

By Web TeamFirst Published May 28, 2019, 6:23 PM IST
Highlights

സിപിഎം തിരിച്ച് വരില്ലെന്നതിന്‍റെ തെളിവാണ് ബംഗാളും ത്രിപുരയും. കേരളത്തിലും ഇത് ആവര്‍ത്തിക്കും. സിപിഎമ്മിന്‍റെ വോട്ട് നേടിയത് ബിജെപിയാണെന്നും എം ടി രമേശ്

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും എൻഡിഎയ്ക്ക് മികച്ച നേട്ടം സംസ്ഥാനത്തുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. പാർട്ടി കോർ കമ്മിറ്റി, ഭാരവാഹി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം ടി രമേശ്. ജയിച്ചില്ലെങ്കിലും സംസ്ഥാന ചരിത്രത്തിലെ മികച്ച മുന്നേറ്റമുണ്ടാക്കി. സിപിഎമ്മിന്‍റെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീണിട്ടുണ്ട്. സിപിഎം തോറ്റ മണ്ഡലത്തിൽ സിപിഎം തിരിച്ചുവരാറില്ലെന്നും എം ടി രമേശ് പറ‌ഞ്ഞു. 

സിപിഎം തിരിച്ച് വരില്ലെന്നതിന്‍റെ തെളിവാണ് ബംഗാളും ത്രിപുരയും. കേരളത്തിലും ഇത് ആവര്‍ത്തിക്കും. സിപിഎമ്മിന്‍റെ വോട്ട് നേടിയത് ബിജെപിയാണ്. പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി വൻ മുന്നേറ്റമുണ്ടായി. ഒരു സഭയുടെ പരസ്യ പിന്തുണയുണ്ടായിട്ടും പത്തനംതിട്ടയിൽ സിപിഎമ്മിന്‍റെ വോട്ട് കുറഞ്ഞു. ന്യൂനപക്ഷ വർഗ്ഗീയത യുഡിഎഫ് പ്രയോജനപ്പെടുത്തി. എൽഡിഎഫും യുഡിഎഫും വർഗ്ഗീയത പ്രചരിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. അതോടെ വോട്ട് കോണ്‍ഗ്രസ് കൊയ്തെടുത്തു. 

ന്യൂനപക്ഷ കേന്ദ്രീകരണമല്ല ഭിന്നിപ്പാകും കേരളത്തിൽ ഉണ്ടാകുക. ആത്മപരിശോധന നടത്താൻ ന്യൂനപക്ഷ മതവിഭാഗങ്ങൾ തയ്യാറാകണം. നരേന്ദ്രമോദിക്കെതിരെ ന്യൂനപക്ഷങ്ങളെ അണി നിരത്തി. അതേസമയം തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ല. മണ്ഡലത്തില്‍ ന്യൂനപക്ഷത്തിന്‍റെ അകൽച്ച പ്രശ്നമായി. തീരദേശ മേഖലയിൽ വോട്ട് കുറഞ്ഞു. സിപിഎം യുഡിഎഫിന് വോട്ടുമറിച്ചു. എന്നാല്‍ അതിശക്തമായ സിപിഎം വിരോധം പത്തനംതിട്ടയിലുണ്ടായി. എൻഎസ്എസിന്‍റെ സഹായം ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു. 

click me!