
ദില്ലി: 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സിഖ് വിഭാഗത്തിന്‍റെ വികാരങ്ങൾക്ക് വില കല്‍പ്പിക്കാത്ത പരാമർശമാണ് കോൺഗ്രസ് ഓവർസീസ് അധ്യക്ഷന്‍റേതെന്ന് ബിജെപി വക്താവ് സംബിത് പത്ര ദില്ലിയിൽ പറഞ്ഞു.
സിഖ് വംശജരെ കോൺഗ്രസ് ദേശവിരുദ്ധരാക്കി. കോൺഗ്രസിന്‍റെ ഈ സിഖ് വിരുദ്ധ മനോഭാവത്തിന് ഈ മാസം 23ന് ജനം മറുപടി നൽകുമെന്നും ബിജെപി വക്താവ് പറഞ്ഞു. സിഖ് വിഭാഗത്തെ അവഹേളിച്ച് സാം പിത്രോദയെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും സംബിത് പത്ര ആവശ്യപ്പെട്ടു.
സിഖ് വിരുദ്ധ കലാപത്തിന്‍റെ ദൃക്സാക്ഷിയായ നിർപ്രീത് കൗറും ബിജെപി വക്താവിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു. കലാപത്തിനിടെ കോൺഗ്രസ് അനുകൂലികൾ തന്‍റെയുൾപ്പടെയുള്ളവരുടെ വീടുകൾക്ക് തീയിട്ടെന്ന് നിർപ്രീത് കൗർ ആരോപിച്ചു.
1984 ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. എന്നാൽ തന്‍റെ വാക്കുകളെ ബിജെപി വളച്ചൊടിക്കുകയാണെന്നാണ് സാം പിത്രോദയുടെ വാദം.