രാമക്ഷേത്ര നിര്‍മ്മാണത്തെച്ചൊല്ലി തെരഞ്ഞെടുപ്പ് യോഗത്തില്‍ തര്‍ക്കം; ബിജെപി, ജെഡിയു പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

By Web TeamFirst Published Apr 13, 2019, 1:23 PM IST
Highlights

രാമക്ഷേത്രനിര്‍മ്മാണം പ്രധാന പ്രചാരണ വിഷയമല്ലെന്ന ജെഡിയു നേതാവിന്‍റെ പരാമര്‍ശമാണ് സംഘര്‍ഷത്തിന് കാരണമായത്.
 

ഹാജിപൂര്: രാമക്ഷേത്രനിര്‍മ്മാണത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെത്തുടര്‍ന്ന് ബീഹാറില്‍ പൊതുയോഗത്തിനിടെ ബിജെപി, ജെഡിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. രാമക്ഷേത്രനിര്‍മ്മാണം പ്രധാന പ്രചാരണ വിഷയമല്ലെന്ന ജെഡിയു നേതാവിന്‍റെ പരാമര്‍ശമാണ് സംഘര്‍ഷത്തിന് കാരണമായത്.

ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിന് വേണ്ടി ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലാണ് മത്സരരംഗത്തുള്ളത്. ആറ് സീറ്റുകളില്‍ എല്‍ജെപിയും മത്സരിക്കുന്നുണ്ട്. എല്‍ജെപി സ്ഥാനാര്‍ത്ഥി പശുപതി കുമാര്‍ പരാശിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പൊതുയോഗമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.  രാമക്ഷേത്രവിഷയം പ്രചാരണായുധമാക്കേണ്ടതില്ലെന്ന് ജെഡിയു നേതാവ് സഞ്ജയ് കുമാര്‍ പറഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു, പ്രകോപിതരായ ഇവര്‍ കസേരകള്‍ എടുത്തെറിയുകയും  മേശ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. വേദിയിലേക്ക് തള്ളിക്കയറി ആക്രമണം നടത്താനും തയ്യാറായി. 

പശുപതി കുമാര്‍ പരാശ് ഇടപെട്ടാണ് ഒടുവില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. രാമക്ഷേത്രനിര്‍മ്മാണം, കശ്മീര്‍ വിഷയം, പൗരത്വഭേദഗതി ബില്‍ തുടങ്ങിയവയിലെല്ലാം ബിജെപിയുടേതില്‍ നിന്ന് ഭിന്നമായ അഭിപ്രായമാണ് ജെഡിയുവിനുള്ളത്. 

click me!