രണ്ട് സീറ്റില്‍ ജയം പ്രതീക്ഷിച്ച് ബിജെപി: സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍

By Web TeamFirst Published May 1, 2019, 7:10 PM IST
Highlights

തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ വൈകിയത് തിരിച്ചടിയായി. കൊല്ലത്തും വടകരയിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാഞ്ഞത് യുഡിഎഫിന് അനുകൂലമായി മാറി. 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ജനവികാരം പ്രകടമാകുമെന്ന് ബിജെപി വിലയിരുത്തല്‍. കൊച്ചിയില്‍ ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. പലയിടത്തും ഇടതുവലതുപക്ഷങ്ങളെ മലര്‍ത്തിയടിക്കുമെന്നും ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
 
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ ചര്‍ച്ചകളില്‍ വിമര്‍ശനമുണ്ടായി. പ്രചാരണം ചൂടുപിടിപ്പിക്കേണ്ട നിര്‍ണായക സമയത്ത് കൂടുതല്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുയര്‍ന്നു.
 
തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ തൃശ്ശൂരില്‍  വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
 
ശബരിമല കേന്ദ്രീകരിച്ച് ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയ അജന്‍ഡ ജനം ചര്‍ച്ച ചെയ്തുവെന്ന ആത്മവിശ്വാസമാണ് ബിജെപി നേതൃയോഗത്തില്‍ പൊതുവില്‍ ഉയര്‍ന്നത്. അതേസമയം വയനാട്ടിൽ ബിജെപി സഹായിച്ചില്ല എന്ന ബിഡിജെഎസ് ന്റെ വിമർശനം  ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകൾ ബിജെപി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കിടയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല ജനമുന്നേറ്റം ഉണ്ടായെന്നു സംസ്ഥാന സമിതി യോഗത്തിൽ വിലയിരുത്തൽ.
 
അതേസമയം വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും ഇതു ഫലത്തില്‍ യുഡിഎഫിന് അനുകൂലമായി മാറിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വടകരയിലും കൊല്ലത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് തരത്തിലും ചില നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തി. കൂടുതല്‍ ശക്തരായ നേതാക്കളെ തന്നെ വടകരയിലും കൊല്ലത്തും പാര്‍ട്ടി മത്സരരംഗത്തിറക്കണമായിരുന്നുവെന്നും ഇതാണ് വോട്ടുകച്ചവടം എന്ന ആരോപണത്തിന് വഴി തുറന്നതെന്നും ഒരു നേതാവ് യോഗത്തില്‍ തുറന്നടിച്ചു.
click me!