
അമേത്തി: രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പാതി സീറ്റുകളിലേക്കുള്ള പോരാട്ടം പിന്നിട്ടുകഴിഞ്ഞു. ദേശീയ സുരക്ഷ മുഖ്യ വിഷയമാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടു പോകുന്നത്. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്നതും റഫാല്‍ അടക്കമുള്ള അഴിമതി വിഷയങ്ങളുമാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഉയര്‍ത്തുന്നത്.
ഇതിനായി 'ചൗകിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ മിക്കയിടങ്ങളിലും ചൗകിദാര്‍ ചോര്‍ ഹേ മുദ്രാവാക്യം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ചൗകിദാര്‍ ചോര്‍ ഹേ മുദ്രാവാക്യം മുഴക്കുന്നത് കുറെ കുട്ടികളാണ്.
ഈ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നത് മറ്റൊരു തരത്തിലായിരുന്നു. രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുന്ന കുട്ടികള്‍ക്കൊപ്പം ചിരിതൂകി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നില്‍ക്കുന്നുവെന്നായിരുന്നു വാര്‍ത്ത. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. കുട്ടികളെ മോശമായ രീതിയില്‍ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു എന്ന് എതിര്‍ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയടക്കം ആരോപിക്കുകയും ചെയ്തു.
എന്നാല്‍ വീഡിയോയുടെ പൂര്‍ണരൂപം ഇപ്പോള്‍ പുറത്തുവരുമ്പോള്‍ സംഭവത്തിന്‍റെ മറ്റൊരു വശം കൂടി പുറത്തുവരികയാണ്. ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന മുദ്രാവാക്യം വിളിക്കുന്ന കുട്ടികള്‍ക്കൊപ്പം പ്രിയങ്ക ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. അതേസമയം, കുട്ടികള്‍ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോള്‍ വാപൊത്തി അത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്ന് വിലക്കുകയാണ് അവര്‍ ചെയ്യുന്നത്. ആദ്യം പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് കുട്ടികളെ വിലക്കുന്ന ഭാഗം നീക്കിയിരുന്നു.
അങ്ങനെ ചെയ്യരുതെന്നും നല്ല മുദ്രാവാക്യങ്ങള്‍ മാത്രമെ വിളിക്കാവൂ എന്നും പ്രിയങ്ക കുട്ടികളെ ഉപദേശിക്കുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് കുട്ടികള്‍ ജയ് വിളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീഡിയോയില്‍ പ്രിയങ്ക മടങ്ങുന്നത്.
രാഹുല്‍ മത്സരിക്കുന്ന അമേഠിയിലായിരുന്നു സംഭവം. പ്രിയങ്ക എത്തിയതിന്‍റെ ആവേശത്തില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് വിളിക്കുകയായിരുന്നു. മണ്ഡലത്തിലെത്തുന്ന പ്രിയങ്കയെ കാണാന്‍ കുട്ടികള്‍ മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കുട്ടികള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ അത് ആസ്വദിക്കുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.