ശബരിമല വിഷയത്തില്‍ ബിജെപിയില്‍ ഒറ്റയാന്‍ പോരാട്ടം നടത്തിയ എംപി; പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയതെന്തിന്

By Web TeamFirst Published Apr 24, 2019, 3:26 PM IST
Highlights

ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും അതിന്‍റെ ആശയത്തോട് യോജിപ്പില്ലായിരുന്നുവെന്നാണ്  പാര്‍ട്ടി വിട്ടതിനെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉദിത് രാജ് പ്രതികരിച്ചത്

ദില്ലി: കേരളത്തിലെന്നല്ല രാജ്യത്താകമാനം തന്നെ ശ്രദ്ധ നേടിയ വിഷയമായിരുന്നു ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി വിധിയും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അതിന്‍റെ ശക്തമായ അലയൊലികള്‍ ഉണ്ടാകുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും ശബരിമല സ്ത്രീ പ്രവേശനവിഷയം കേരളത്തിലടക്കം വലിയ പ്രചാരണ വിഷയമായി. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശബരിമലയില്‍ വലിയ പ്രതിഷേധമാണ് വിധിയെ എതിര്‍ത്ത ബിജെപിയില്‍ നിന്നും തുടക്കം മുതല്‍ തന്നെ ഉണ്ടായത്. 

എന്നാല്‍ ബിജെപിക്കുള്ളില്‍ നിന്നും ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടുകളും ഉയര്‍ന്നിരുന്നു. സുപ്രീം കോടതി വിധിയെ അനൂകൂലിച്ചും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നും വ്യക്തമാക്കി പരസ്യമായി രംഗത്തുവന്ന ബിജെപി നേതാവായിരുന്നു ദില്ലി എംപി  ഉദിത് രാജ്. ശബരിമല വിഷയത്തിൽ കോടതി വിധിയെ അനുകൂലിച്ച അദ്ദേഹം ബിജെപിയിലെ റിബൽ ശബ്ദമായിരുന്നു. 

എന്നാല്‍ ബിജെപിയുടെ മോദി-ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ച് പരസ്യ നിലപാടെടുക്കുന്ന നേതാക്കള്‍ക്കെല്ലാം സംഭവിച്ചതെന്താണോ അതാണ് ഉദിത് രാജിനും സംഭവിച്ചത്. പാര്‍ട്ടി നിലപാടിന് വിരുദ്ധ നിലപാടെടുത്ത ഉദിത് രാജിനും സീറ്റു നിഷേധിക്കപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ ഉദിത് രാജിന് പകരം പഞ്ചാബി ​ഗായകൻ ഹാൻസ് രാജ് ഹാൻസിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

ഒടുവില്‍ ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ് ഉദിത് രാജ്. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും അതിന്‍റെ ആശയത്തോട് യോജിപ്പില്ലായിരുന്നുവെന്നാണ്  പാര്‍ട്ടി വിട്ടതിനെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉദിത് രാജ് പ്രതികരിച്ചത്. സീറ്റു ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറയുമെന്നായിരുന്നു ഉദിത് രാജ് നേരത്തെ ട്വിറ്ററികുറിച്ചത്.  

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഉദിത് രാജ് പാര്‍ട്ടി അംഗത്വമെടുത്തത്. 2014-ലെ  ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഉദിത്തിന്‍റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നത്. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ എല്ലാ സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് ഉദിത് രാജിന്‍റെ പിന്തുണയോട് കൂടിയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് പുറമേ ദളിത് വിഷയങ്ങളിലും സര്‍ക്കാരിനെതിരെ നേരത്തെ ഉദിത് രാജ് പരസ്യ നിലപാടുകള്‍ എടുത്തിരുന്നു. ഇതാണ് ബിജെപിയുടേയും മോദി- ഷാ കൂട്ടുകെട്ടിന്‍റെയും കണ്ണിലെ കരടാകാനിടയാക്കിയത്. ദില്ലിയില്‍ നിന്നുള്ള ദളിത് എംപിയായ അദ്ദേഹം ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി എസ് ടി ഓര്‍ഗനൈസേഷന്‍റെ ദേശീയ അധ്യക്ഷനുംകൂടിയാണ്. 


 

click me!