സീറ്റ് നല്‍കിയില്ല; ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു

By Web TeamFirst Published Apr 24, 2019, 12:12 PM IST
Highlights

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നത്. വടക്ക് പടിഞ്ഞാറൻ ദില്ലിയുടെ സിറ്റിങ് എംപിയാണ് ഉദിത് രാജ്.

ദില്ലി: സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ദില്ലിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഉദിത് രാജ് പാര്‍ട്ടി അംഗത്വമെടുത്തത്. വടക്ക് പടിഞ്ഞാറൻ ദില്ലിയുടെ സിറ്റിങ് എംപിയാണ് ഉദിത് രാജ്.

ബിജെപിക്ക് പ്രവര്‍ത്തിക്കുമ്പോഴും അതിന്‍റെ ആശയത്തോട് യോജിപ്പില്ലായിരുന്നുവെന്നാണ് ഉദിത് രാജിന്‍റെ പ്രതികരണം. ദളിത് വിഷയങ്ങളിൽ സര്‍ക്കാരിനെതിരെ നേരത്തെ ഉദിത് രാജ് പരസ്യ നിലപാട് എടുത്തിരുന്നു. ആൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ് സി - എസ് ടി ഓർഗനൈസേഷൻറെ ദേശീയ അധ്യക്ഷൻ കൂടിയാണ് ഉദിത് രാജ്. വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ പഞ്ചാബി ​ഗായകൻ ഹാൻസ് രാജ് ഹാൻസിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറയും', എന്നാണ് ഉദിത് രാജ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. 2014-ലാണ് ഉദിത്തിന്‍റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബി ജെ പിയില്‍ ലയിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള നീക്കമായതിനായാല്‍ വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ ചെറിയ ഭൂരിപക്ഷത്തോടെയാണ് ഉദിത് രാജ് വിജയിച്ചത്. ദില്ലിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്ക് പരിപൂര്‍ണ വിജയം നേടാനായത് ഉദിത് രാജിന്‍റെ പിന്തുണയോട് കൂടിയാണ്. 

click me!