'ഇടത് സ്ഥാനാർത്ഥി ജയിച്ചാൽ അത് വർഗീയ പ്രചാരണത്തിലൂടെ': ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ

By Web TeamFirst Published Apr 24, 2019, 12:07 PM IST
Highlights

മന്ത്രി തോമസ് ഐസകിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. ക്യാംപ് ചെയ്ത് ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരെ ഐസക് പ്രചാരണം നടത്തിയെന്ന് പ്രേമചന്ദ്രൻ. 

കൊല്ലം: മന്ത്രി തോമസ് ഐസകിനെതിരെ ഗുരുതരമായ ആരോപണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. മണ്ഡലത്തിൽ ക്യാംപ് ചെയ്ത് ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരെ ഐസക് അപവാദപ്രചാരണം അഴിച്ചു വിട്ടെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. കൊല്ലത്ത് ഇടത് സ്ഥാനാർത്ഥി ജയിച്ചാൽ അത് അപവാദപ്രചാരണത്തിലൂടെ നേടിയ ജയമാകുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. 

തന്‍റേത് ആർഎസ്എസ് കുടുംബമാണെന്നും ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്നും ഐസക് ക്രിസ്ത്യൻ കുടുംബങ്ങളോടും മുസ്ലിം ഭൂരിപക്ഷമേഖലകളിലും നടന്ന് പ്രചാരണം അഴിച്ചു വിട്ടു. ഇത് മതസ്പർദ്ധ വളർത്തുന്നതും സമുദായങ്ങളിൽ പക അഴിച്ചുവിടുന്നതുമാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

പ്രാദേശികതലത്തിൽ നിന്ന് മികച്ച പ്രതികരണമാണെന്നും അപസ്വരങ്ങളില്ലാതെ മികച്ച വിജയം തനിക്ക് കിട്ടുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പ്രേമചന്ദ്രന്‍റെ വാക്കുകളിങ്ങനെ: ''പ്രാദേശികതലങ്ങളിൽ, ബൂത്ത് തലങ്ങളിൽ പ്രവർത്തകരുടെ പ്രതികരണങ്ങൾ അനുസരിച്ച് നല്ല ഭൂരിപക്ഷത്തിൽ ജയിക്കണം. പക്ഷേ, സിപിഎമ്മിന്‍റെ ഒരു പിബി അംഗവും മന്ത്രിയുമായ തോമസ് ഐസക് കൊല്ലത്ത് തങ്കശ്ശേരിയിൽ ഹോട്ടലിൽ നിന്ന് ക്യാംപ് ചെയ്ത് യത്തീംഖാനകളിലും ജമാ അത്തുകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും എനിക്കെതിരെ അപവാദപ്രചാരണത്തിന് നേതൃത്വം നൽകി. 

ജയിച്ചാൽ താൻ ബിജെപിയിലേക്ക് പോകുമെന്നും തന്‍റേത് ഒരു ആർഎസ്എസ് കുടുംബമാണെന്നും ന്യൂനപക്ഷകേന്ദ്രങ്ങളിൽ പോയി തോമസ് ഐസകിന്‍റെ സംഘം പറഞ്ഞു. പ്രത്യയശാസ്ത്രപരമായി ഉന്നതങ്ങളിൽ നിൽക്കുന്നയാളെന്ന് പൊതു ജനം പറയുന്ന തോമസ് ഐസക് പച്ചയായ വർഗീതയ പറയുകയല്ലേ ചെയ്തത്? തോമസ് ഐസകിന് മന്ത്രിയായി തുടരാൻ അവകാശമുണ്ടോ? കൊല്ലത്ത് ഇനി ഇടത് സ്ഥാനാർത്ഥി ജയിച്ചാൽ അത് അപവാദപ്രചരണത്തിൽ നിന്നല്ലേ ജയിക്കുന്നത്?'', പ്രേമചന്ദ്രൻ ചോദിക്കുന്നു. 

പ്രേമചന്ദ്രന്‍റെ പ്രതികരണം കാണാം:

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഗണ്യമായി പ്രേമചന്ദ്രന് ലഭിച്ചിരുന്നു..ഇത്തവണ അത് ഭിന്നിപ്പിക്കാനുള്ള ശ്രമം സിപിഎം പ്രചാരണത്തിന്‍റെ തുടക്കത്തിലേ നടത്തിയതാണെന്ന് യുഡിഎഫ് ക്യാംപുകൾ ആരോപിക്കുന്നു. ബൈപ്പാസ് ഉദ്ഘാടന വിവാദവും സംഘി ആരോപണവുമൊക്കെ അതിന് ഉദാഹരണങ്ങളായി യുഡിഎഫ് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ന്യൂനപക്ഷ മേഖലകളായ ഇരവിപുരം, ചടയമംഗലം, കൊല്ലത്തിന്‍റെ തീരദേശമേഖല എന്നിവിടങ്ങളിലൊക്കെ യുഡിഎഫിന് പരമ്പരാഗതമായ ലഭിച്ചു കൊണ്ടിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനായി എന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍ഡിഎഫ് വിലയിരുത്തല്‍. ന്യൂനപക്ഷ മേഖലയില്‍ വിള്ളലുണ്ടാകുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും കണക്ക് കൂട്ടുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് പ്രേമചന്ദ്രൻ ഈ ആരോപണം ഉന്നയിക്കുന്നത്. 

എന്നാൽ ഉയർന്ന പോളിംഗാണ് പ്രേമചന്ദ്രനെ ഭയപ്പെടുത്തുന്നതെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബാലഗോപാലിന്‍റെ പ്രതികരണം. 74.36 ആണ് കൊല്ലത്ത് ഇത്തവണ പോളിംഗ് ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 2.27 ശതമാനത്തിന്‍റെ കൂടുതലാണിത്.

click me!