സൗജന്യ വൈഫൈ സേവനം ഒരുക്കി ബിജെപിയുടെ 'ഡിജിറ്റൽ രഥ്'; പാസ്‍വേർഡ് കണ്ട് അമ്പരന്ന് ‍ജനങ്ങൾ

By Web TeamFirst Published Mar 26, 2019, 9:46 PM IST
Highlights

ബിജെപി നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കാവി നിറത്തിലുള്ള വാഹനത്തിലാണ് പ്രചരണം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ വാഹനത്തിൽ ഘടിപ്പിച്ച ഡിജിറ്റൽ സ്ക്രീനിൽ പ്രദർശിപ്പിക്കും. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പുത്തൻ പ്രചരണവുമായി ബിജെപി. ഡിജിറ്റൽ രഥ് എന്ന പേരിൽ ദില്ലിയിൽ സംഘടിപ്പിക്കുന്ന വാഹനറാലി ഏറെ വ്യത്യസ്തമാകുകയാണ്. ബിജെപി നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കാവി നിറത്തിലുള്ള വാഹനത്തിലാണ് പ്രചരണം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ വാഹനത്തിൽ ഘടിപ്പിച്ച ഡിജിറ്റൽ സ്ക്രീനിൽ പ്രദർശിപ്പിക്കും.

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ഭരണ പരാജയങ്ങളും വീഡിയോയിൽ പരാമർശിക്കും. ഇതിനെല്ലാം പുറമെ ജനങ്ങൾക്ക് സൗജന്യ വൈഫൈ സേവനം നൽകുന്നതാണ് റാലിയുടെ പ്രത്യേകത. എന്നാൽ വൈഫൈയുടെ പാസ്‍വേർഡ് കണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ. 'കെജ്രിവാൾ സൗജന്യമായി വൈഫൈ നൽകുന്നതിൽ പരാജയപ്പെട്ടു', എന്നതാണ് വൈഫൈയുടെ പാസ്‍‍വേർഡ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് എന്നിവ വഴി പ്രചരിപ്പിക്കുന്നതിന് ജനങ്ങൾക്ക് സൗജന്യ വൈഫൈ ഉപയോ​ഗിക്കാമെന്ന് ബിജെപി മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷി അറിയിച്ചു. ഏകദേശം 200 പേർക്ക് ഒരേസമയം വൈഫൈ സേവനം ലഭ്യമാക്കും. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ദില്ലി മുഴുവൻ ഡിജിറ്റൽ രഥ് യാത്ര നടത്താനാണ് പദ്ധതിയിടുന്നതെന്നും നീല്‍കാന്ത് പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ ഡിജിറ്റൽ രഥ് റോഡിലിറങ്ങും.  

 

 

click me!