ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ ? ആശങ്കയോടെ സിപിഎമ്മും സിപിഐയും

Published : Mar 26, 2019, 06:54 PM ISTUpdated : Mar 26, 2019, 07:14 PM IST
ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ ? ആശങ്കയോടെ സിപിഎമ്മും സിപിഐയും

Synopsis

ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്. 1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ 2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും 3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി. 

ദില്ലി: പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതോടെ ദേശീയ പാർട്ടി പദവി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സിപിഎമ്മും സിപിഐയും. കേരളത്തിനു പുറമെ തമിഴ്നാട്ടിൽ മാത്രമാണ് ഇരു പാർട്ടികൾക്കും സീറ്റു പ്രതീക്ഷയുള്ളത്.

ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്. 1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ 2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും 3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി. 

കഴിഞ്ഞ തവണ രണ്ടു സ്വതന്ത്ര എംപിമാരെക്കൂടി ക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് സിപിഎം ദേശീയ പാര്‍ട്ടി പദവിക്ക് അപേക്ഷ നല്‍കിയത്. സിപിഐക്കാണെങ്കിൽ നിബന്ധന പാലിക്കാനുമായില്ല. എന്നാൽ ദേശീയപാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷൻ ഒരു തെരഞ്ഞെടുപ്പിൽ കൂടി അവസരം നല്കാൻ തീരുമാനിച്ചു. ഈ തെരഞ്ഞെടുപ്പ് അതിനാൽ രണ്ടു പാർട്ടികൾക്കും നിർണ്ണായകം. 

കേരളത്തിനു പുറമെ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം നില്ക്കുന്ന ഇടതു പാർട്ടികൾ രണ്ടിടത്തും സീറ്റ് പ്രതീക്ഷിക്കുന്നു. എന്നാൽ പശ്ചിമബംഗാളിൽ കോൺഗ്രസ് നീക്കു പോക്ക് തകർന്നതോടെ വിജയപ്രതീക്ഷകള്‍ തുലാസിലായി. ത്രിപുരയിലും ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. അതായത് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി സീറ്റ് ഒതുങ്ങാം. കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിലും കൂടി സിപിഎം-സിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം. ആറു ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങൾക്കപ്പുറം നേടാനുള്ള സാഹചര്യം നിലവില്‍ പാര്‍ട്ടി മുന്നില്‍ കാണുന്നില്ല. ഒരു കാലത്ത് ഇടതുപക്ഷ പാർട്ടികൾക്ക് നല്കിയിരുന്ന പരിഗണന ഡിഎംകെ ഒഴികെ ഒരു പാർട്ടിയും ഇത്തവണ കാട്ടിയില്ല. 35 വര്‍ഷം ഭരിച്ച സിപിഎം ഇപ്പോള്‍ അവിടെ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ്. 

മഹാരാഷ്ട്രയിലെ ദിൻഡോറിയിൽ എൻസിപിയാണ് സിപിഎമ്മിന്‍റെ സീറ്റിന് തടയിട്ടത്. കനയ്യകുമാറിന് സീറ്റു നല്കിയാൽ വിജയിക്കില്ലെന്നായിരുന്നു ബിഹാറിൽ ആർജെഡിയുടെ വാദം. മൂന്നു സംസ്ഥാനങ്ങളിലെ സംസ്ഥാന പാർട്ടിയായി ഒതുങ്ങുമോ എന്ന ഭീഷണി നേരിടുകയാണ് ഒരു കാലത്ത് പല സംസ്ഥാനങ്ങളിലും നിർണ്ണായക സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷം. നിലവിലെ സ്ഥതിഗതികളെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം എന്തു സംഭവിക്കും എന്ന് നോക്കാം. ദേശീയ പദവി നിലനിറുത്താൻ ഞങ്ങൾ പോരാടുകയാണ് - സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറയുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?