ബിജെപിക്കുള്ളിൽ മുതിർന്ന നേതാക്കളുടെ രോഷം പുകയുന്നു; അതൃപ്തി പരസ്യമാക്കി സുമിത്രാ മഹാജനും

By Web TeamFirst Published Apr 5, 2019, 4:50 PM IST
Highlights

ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറു ദിവസം മാത്രം ബാക്കി നിൽക്കേ സ്ഥാപകനേതാക്കളുടെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

ദില്ലി: അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും പുറമേ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും ബിജെപി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത് ബിജെപിക്ക് തലവേദനയായി. സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സുമിത്ര മഹാജൻ പരസ്യപ്രസ്താവനയിറക്കി. എഴുപത്തിയഞ്ച് വയസ്സു കഴിഞ്ഞവർക്ക് ടിക്കറ്റ് നല്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു എന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ലക്ഷ്യം താനാണെന്ന് ഏപ്രിൽ പന്ത്രണ്ടിന് 76 വയസ്സ് പൂർത്തിയാകുന്ന സ്പീക്കർ സുമിത്രാ മഹാജൻ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നേതൃത്വവുമായി ഇടഞ്ഞ് അവർ പരസ്യപ്രസ്താവന ഇറക്കിയത്. 

ഇൻഡോറിൽ എന്തുകൊണ്ടാണ് ഇതുവരെ സ്ഥാനാർത്ഥിയെ തീരുമാനിക്കാത്തതെന്ന് ചോദിച്ച് സുമിത്രാ മഹാജൻ ഉച്ചയോടെ പ്രസ്താവന പുറത്തിറക്കി. തീരുമാനം എടുക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ താൻ മത്സരത്തിൽ നിന്ന് മാറി നില്ക്കാമെന്നും സുമിത്രാ മഹാജൻ വ്യക്തമാക്കി. 
സുമിത്ര മഹാജന്‍റെ മകൻ മന്ദർ മഹാജന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നല്കാൻ ബിജെപി നേതൃത്വം തയ്യാറാകാതിരുന്നതും അവരുടെ നീരസത്തിന് മറ്റൊരു കാരണമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തനിക്ക് എന്തുതോന്നും എന്ന ചിന്ത ഒഴിവാക്കി തീരുമാനം എടുക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടു എന്നാണ് പരസ്യപ്രസ്താവനക്ക് ശേഷമുള്ള സുമിത്ര മഹാജന്‍റെ പ്രതികരണം.

എൽ കെ അദ്വാനിയുടെ അതൃപ്തി ബ്ളോഗിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് സുമിത്രാ മഹാജന്‍റെ ഈ പരസ്യപ്രസ്താവന. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ പ്രതിപക്ഷം സീറ്റ് വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ മുരളി മനോഹർ ജോഷിയും തള്ളിയിട്ടില്ല. പ്രതിസന്ധി തീർക്കാൻ ഇന്നലെ രാത്രി തന്നെ ബിജെപിക്കുള്ളിൽ തിരക്കിട്ട ചർച്ചകൾ നടന്നു. അദ്വാനിയുടെ ബ്ളോഗ് പാർട്ടിക്കെതിരല്ലെന്ന സന്ദേശം നല്കാൻ പ്രധാനമന്ത്രി തന്നെ ഇത് ട്വീറ്റ് ചെയ്തു. അദ്വാനിയെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം അദ്ദേഹത്തോട് സംസാരിക്കും. കോൺഗ്രസിൽ ചേരാനൊരുങ്ങുന്ന ശത്രുഘൻ സിൻഹയും പാർട്ടിക്കെതിരായ വിമർശനം കടുപ്പിക്കുകയാണ്. ബിജെപി വൺമാൻ ഷോയും രണ്ടു പേരുടെ സൈന്യവും ആയെന്നാണ് ശത്രുഘൻ സിൻഹയുടെ വിമർശനം.

മുതിർന്ന നേതാക്കളുടെ ഉപദേശം തുടർന്നും പാർട്ടിക്കുണ്ടാകുമെന്നും അവരെ ഒഴിവാക്കിയതായി വ്യാഖ്യാനിക്കേണ്ടെന്നും നിതിൻ ഗഡ്കരി പ്രതികരിച്ചു. നരേന്ദ്രമോദി ഗുരുവിനെ തള്ളിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറു ദിവസം മാത്രം ബാക്കി നിൽക്കേ സ്ഥാപകനേതാക്കളുടെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

click me!