അങ്കത്തട്ടില്‍ ബിജെപി ഇറങ്ങി; മഹാരാഷ്ട്രയില്‍ തര്‍ക്കങ്ങള്‍ മറന്ന് ശിവസേനയും

By Web TeamFirst Published Mar 25, 2019, 6:23 AM IST
Highlights

നരേന്ദ്ര മോദിയും അമിത് ഷായും ഇല്ലാതെ മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം പ്രചാരണം തുടങ്ങിയത് സംസ്ഥാന നേതാക്കളുടെ ചുമലിലേറിയാണെന്നുള്ളതാണ് ശ്രദ്ധേയം. പിണക്കം മറന്ന് ഒന്നിച്ച ശിവസേനയും ബിജെപിയും ലോക്സഭാ പോരാട്ടത്തിന് കൈ കോർത്തപ്പോൾ അണികളിലും ആവേശം നിറഞ്ഞു

മുംബെെ: മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. മുന്നണിയുമായി തെറ്റി നിന്ന കേന്ദ്ര മന്ത്രി രാംദാസ് അത്താവ്‍ലെയുടെ ആർപിഐ സഖ്യത്തിൽ മടങ്ങിയെത്തി. എന്തുവന്നാലും മോദി തന്നെയാകും തങ്ങളുടെയും നേതാവെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയതോടെ എന്‍ഡിഎ സഖ്യം ആത്മവിശ്വാസത്തിലാണ്.

ഞങ്ങളുടെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നിങ്ങൾക്ക് പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാൻ ഒരു നേതാവുണ്ടോ എന്ന ചോദ്യമാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വെച്ചത്. 56 പാർട്ടികൾ ചേർന്ന് ഒരു വിശാലസഖ്യം രൂപീകരിച്ചിരിക്കുകയാണ്. എന്നാൽ, 56 ഇഞ്ച് നെഞ്ചളവുള്ള ഞങ്ങളുടെ നേതൃത്വത്തിന് മുന്നിൽ നിങ്ങളുടെ സഖ്യം വിലപ്പോകില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് എതിരാളികളെ വെല്ലുവിളിച്ചു.

നരേന്ദ്ര മോദിയും അമിത് ഷായും ഇല്ലാതെ മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം പ്രചാരണം തുടങ്ങിയത് സംസ്ഥാന നേതാക്കളുടെ ചുമലിലേറിയാണെന്നുള്ളതാണ് ശ്രദ്ധേയം. പിണക്കം മറന്ന് ഒന്നിച്ച ശിവസേനയും ബിജെപിയും ലോക്സഭാ പോരാട്ടത്തിന് കൈ കോർത്തപ്പോൾ അണികളിലും ആവേശം നിറഞ്ഞു.

പശ്ചിമ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നടന്ന റാലിയിൽ കേന്ദ്ര മന്ത്രി രാംദാസ് അത്താവ്‍ലയുടെ സാന്നിധ്യം സഖ്യത്തിന് ആശ്വാസമായി. സീറ്റ് ചർച്ചയിൽ തെറ്റിയ ദളിത് നേതാവ് സഖ്യം വിടുമെന്ന സൂചന നൽകിയിരുന്നു. സീറ്റ് വിഭജനം പൂർത്തിയാക്കിയ കോൺഗ്രസ് എൻസിപി വിശാല സഖ്യവും ഉടൻ പ്രചരണം തുടങ്ങും.

2014ലെ മോദി തരംഗത്തിലും ബിജെപി-സേന സഖ്യത്തിന് കാലിടറിയ മേഖലയാണ് പശ്ചിമ മഹാരാഷ്ട്ര. ഇത്തവണ ഈ കർഷക ബെൽറ്റിൽ നിന്ന് തുടങ്ങുമ്പോൾ കാവി സഖ്യത്തിന് മുന്നിൽ വലിയ ലക്ഷ്യങ്ങളാണുള്ളത്.  
 

click me!