ദില്ലി: വയനാട്ടിൽ രാഹുൽ വരുമോ ഇല്ലയോ? സർവത്ര ആശയക്കുഴപ്പമാണ് കോൺഗ്രസിൽ. രാഹുൽ വരുമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഉറപ്പിച്ചു പറയുമ്പോൾ, ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. ചുരുക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം കഴിയാതെ ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാകില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഇതിനിടെ, കോൺഗ്രസിന്‍റെ ഒമ്പതാം സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടില്ല.
ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തന്നെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ രണ്ട് കാര്യങ്ങൾക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുൽ അമേഠിയെക്കൂടാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമോ? മത്സരിക്കുമെങ്കിൽ അത് വയനാടാകുമോ?
രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തയിൽ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചു. അമേഠിയിൽ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുൽ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാൽ രാഹുൽ മത്സരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്‍നാട്, കർണാടക പിസിസികൾ രാഹുൽ അവരവരുടെ സംസ്ഥാനങ്ങളിൽ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കെപിസിസി വയനാട് സീറ്റിൽത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. 'അമേഠിയാണ് രാഹുലിന്‍റെ കർമഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുൽ പരിഗണിക്കും.', എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്. ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള നേതാക്കൾ ഈ ആവശ്യം രാഹുലിന് മുന്നിൽ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുൽ മറുപടി പറഞ്ഞത്. 'പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു'മായിരുന്നു രാഹുലിന്‍റെ പ്രതികരണം.
അതേസമയം, രാഹുൽ മത്സരിക്കാൻ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും ബി കെ ഹരിപ്രസാദ് ബംഗളുരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. ഇതോടെ തെക്കേ ഇന്ത്യയിൽ രാഹുൽ മത്സരിക്കുന്നുണ്ടെങ്കിൽത്തന്നെ സാധ്യതയുള്ള ഏക മണ്ഡലമായി വയനാട് മാറുകയാണ്.
ഇതിനിടെയാണ് ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് ബിജെപിക്കെതിരായ പോരാട്ടം ദുർബലപ്പെടുത്താൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്നത് ടിവി ചാനലുകൾ കണ്ട് മാത്രമാണ് അറിഞ്ഞതെന്നാണ് എഐസിസി പ്രവർത്തകസമിതി അംഗം പി സി ചാക്കോ പറയുന്നത്. രാഹുൽ സമ്മതം മൂളിയെന്ന പ്രചരണം ശരിയല്ലെന്നും പിസി ചാക്കോ പറയുന്നു.
എന്നാൽ മുമ്പ് ആത്മവിശ്വാസത്തോടെ രാഹുൽ വരുമെന്ന് പറഞ്ഞ പി സി വിഷ്ണുനാഥ് ഉൾപ്പടെയുള്ള നേതാക്കൾ എല്ലാം സിഇസി തീരുമാനിക്കുമെന്നാണ് ഇപ്പോൾ പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പിൽ എല്ലാ തീരുമാനങ്ങളും പെട്ടെന്നാകുമെന്നും രാഹുൽ കേരളത്തിൽ വരുന്നത് കേരളത്തിൽ വലിയ തരംഗമുണ്ടാക്കുമെന്നതിൽ തർക്കമില്ലെന്നുമാണ് വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറിൽ' പ്രതികരിച്ചത്. എന്തായാലും കേരളത്തിൽ നാമനിർദ്ദേശപത്രിക നല്കാനുള്ള സമയം ബുധനാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ തീരുമാനം ഉടനുണ്ടാകും.