
ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഡിജിറ്റൽ പ്രചാരണത്തിനു തുടക്കമായി. കമൽ കാ ബട്ടൺ ദബായെ
ബാജ്പാ കോ ജീതായെ ഫിർ ഏക് ബാർ മോദി സർക്കാർ എന്നതാണ് ഡിജിറ്റല്‍ പ്രചാരണത്തിന്റെ മുദ്രാവാക്യം. (താമര ചിഹ്നത്തില്‍ ബിജെപിയെ ജയിപ്പിക്കൂ ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നാണ് അര്‍ത്ഥം).അരാജകത്വം നിറഞ്ഞ മഹാസഖ്യമാണോ സുസ്ഥിര സർക്കാരുമായി എത്തുന്ന ബിജെപിയാണോ രാജ്യത്തിന് കരുത്തു പകരുക എന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് അരുൺ ജെയ്‌റ്റ്ലി ചോദിച്ചു.
മഹിളാ ശാക്തീകാരണം, ഗ്രാമീണ വികസനം, പി എം കിസാൻ പദ്ധതി, ജി എസ് ടി എന്നീ നേട്ടങ്ങൾ ചിത്രീകരിച്ചാണ് ബിജെപിയുടെ ഡിജിറ്റൽ പ്രചാരണം. നോട്ടു നിരോധനം, എയർ സ്ട്രൈക്ക് എന്നിവയെല്ലാം പരാമർശിച്ച് തീം ഗാനവും പുറത്തിറക്കിയിട്ടുണ്ട്. ഒറ്റ റാങ്ക് ഒറ്റ പെൻഷൻ, ചൗക്കിദാർ പ്രചാരണം, ഗംഗ ശുചീകരണം, എന്നിവ ഉൾപ്പെടുത്തി ടിവി പരസ്യങ്ങളും വെബ് പരസ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്‌റ്റ്ലി, പിയൂഷ് ഗോയൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നരേന്ദ്ര മോദി ഡോട്ട് ഇൻ എന്ന പേരിൽ വെബ്സൈറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രൂപീകരിച്ചിട്ടുണ്ട്.
മോദിയുടെ ഇതുവരെ ഉള്ള യാത്രകളും ഇനിയുള്ള തെരഞ്ഞെടുപ്പു റാലികളും ഇതിൽ കാണാന്‍ സാധിക്കും. നമോ മോദി ഉത്പന്നങ്ങൾ വാങ്ങാനും വളണ്ടിയർ ആകാനും സംഭാവന നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. നമോ ആപ്പുമായി വെബ്സൈറ്റ് ലിങ്ക് ചെയ്തിട്ടുണ്ട്.