'മടിയിൽ കനമുള്ളവനെ ഭയക്കൂ'; എം കെ രാഘവനെ ന്യായീകരിച്ച് പി കെ ഫിറോസ്

By Web TeamFirst Published Apr 7, 2019, 5:33 PM IST
Highlights

ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങി കോഴിക്കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെ ന്യായീകരിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങിയ കോഴിക്കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെ ന്യായീകരിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. എം കെ രാഘവന്‍ എംപിക്കെതിരെ ടിവി 9 ഭാരത് വർഷ് പുറത്ത് വിട്ട ആരോപണത്തിലെ വസ്തുത എന്ത് എന്ന് ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ എം കെ കാഘവന്‍ ചാനലിനോട് പറഞ്ഞു എന്നത് സത്യമാണെങ്കിൽ പോലും ഒരു നിയമപ്രശ്‌നവും നില നിൽക്കില്ലെന്നും പിന്നെയാണോ ഈ എഡിറ്റ് ചെയ്തത് എന്നും ഫിറോസ് പറയുന്നു. 

പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശ്രീ. എം.കെ രാഘവൻ എം.പിക്കെതിരെ TV 9 പുറത്ത് വിട്ട ആരോപണത്തിലെ വസ്തുതയെന്ത്?

ആരോപണം 1)
കോഴിക്കോട് ഹോട്ടലിന് വേണ്ടി സ്ഥലം വാങ്ങിക്കൊടുത്താൽ കമ്മീഷനായി 5 കോടി കൊടുക്കാമെന്ന് പറഞ്ഞപ്പോൾ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചു.

ഭൂമി ഇടപാട് നടന്നിട്ടുണ്ടോ? ഇല്ല
രാഘവന് പണം കൊടുത്തിട്ടുണ്ടോ? ഇല്ല
രാഘവൻ പണം വാങ്ങിയിട്ടുണ്ടോ? ഇല്ല

ഇനി രാഷ്ട്രീയ എതിരാളികൾ പറയുന്ന ആരോപണമെന്താണ്?

രാഘവൻ കോഴ വാങ്ങി. അഴിമതി നടത്തി.

ഉവ്വോ?

ഏതോ ഒരാളുടെ സ്വകാര്യ ഭൂമി മറ്റൊരാൾക്ക് നാട്ടുനടപ്പ് വിലയിൽ വിൽക്കുന്നതിന് എം.കെ രാഘവൻ ഇടപെട്ട് കമ്മീഷൻ വാങ്ങിയിരുന്നു എന്ന് തന്നെ വെക്കുക. അതിനെ ബ്രോക്കറേജ് 
എന്നല്ലേ പറയുക?
ബ്രോക്കറേജ് വാങ്ങുന്നത് നമ്മുടെ നാട്ടിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ടോ? 
ഉണ്ടെങ്കിൽ ഇപ്പറയുന്ന എത്ര രാഷ്ട്രീയ നേതാക്കൾ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഭൂമിവില്പനയിലെ നിയമങ്ങളെ സംബന്ധിച്ച് 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം' എന്നൊക്കെ ഗൂഗിൾ ചെയ്താൽ അൽപ്പം വിവരം ലഭിക്കും.

അപ്പോ അത് വിട്ട് പിടി!!

ആരോപണം No. 2)
തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തെരഞ്ഞെടുപ്പ് ചെലവിനേക്കാളും ഉയർന്ന തുക ശ്രീ. എം.കെ രാഘവൻ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു എന്നതാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഘവനെതിരെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ശ്രീ. എ. വിജയരാഘവൻ അന്ന് മത്സരിച്ചപ്പോഴോ അതിനു ശേഷമോ രാഘവനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നോ? തെരഞ്ഞെടുപ്പ് ഫലത്തിന്റെ 40 ദിവസത്തിനകം ഒരു പരാതിയെങ്കിലും രാഷ്ട്രീയ എതിരാളികൾ ആരെങ്കിലും കൊടുത്തിരുന്നോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞ് എതിർ സ്ഥാനാർത്ഥിക്കോ എതിർപാർട്ടിക്കോ പോലും ഇല്ലാതിരുന്ന പരാതിയാണ് ഇപ്പോൾ കിട്ടിയ എഡിറ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഈ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ നോക്കുന്നത്.

ഇനി വാദത്തിനു വേണ്ടി, എം.കെ രാഘവൻ TV 9 ചാനലിനോട് പറഞ്ഞു എന്നത് സത്യമാണെങ്കിൽ പോലും ഒരു നിയമപ്രശ്‌നവും നില നിൽക്കില്ല. പിന്നെയാണോ ഈ എഡിറ്റ് ചെയ്തത്!!

ഇക്കാര്യത്തിൽ എം.കെ രാഘവൻ സ്വീകരിച്ച സമീപനമെന്താണ്?

ആരോപണം ഉയർന്നപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി. 
കേരളം ഭരിക്കുന്നത് ഇടതുപക്ഷം. അന്വേഷണം നടക്കട്ടെ... സത്യം പുറത്ത് വരട്ടെ..

അഴിമതി ആരോപണം വന്നാൽ അന്വേഷണം തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന ചില മന്ത്രിമാരെ പോലെയല്ല രാഘവേട്ടൻ.

മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ...

 

click me!