
ശ്രീനഗര്‍: കശ്മീരിലെ പ്രചാരണരംഗത്ത് കാവി വിട്ട് പച്ച പിടിക്കാന്‍ നോക്കുകയാണ് ബിജെപി. നല്ല കടുംപച്ച നിറത്തില്‍ ബിജെപി സ്ഥാനാർത്ഥി നൽകിയ പത്രപ്പരസ്യമാണ് ഇപ്പോൾ താഴ് വരയിൽ ചൂടേറിയ ചർച്ച. നാല് വോട്ടിന് വേണ്ടി ബിജെപി കാവിയെ മറന്നുവെന്നാണ് എതിരാളികളുടെ വിമർശനം.
ശ്രീനഗർ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഖാലിദ് ജഹാംഗീർ ഷൈഖിന്റെ തെരഞ്ഞെടുപ്പ് പരസ്യമാണ് ബിജെപിക്കെതിരെ എതിരാളികൾ ആയുധമാക്കുന്നത്. വ്യാഴാഴ്ച കശ്മീരിലെ മിക്ക പത്രങ്ങളിലും ഈ പരസ്യം വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അക്കമിട്ട് നിരത്തുന്ന പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം തെരഞ്ഞെടുപ്പ് ചിഹ്നം താമരയുമുണ്ട്. പക്ഷേ ഒരു വ്യത്യാസമുണ്ട് എല്ലാം നല്ല കടും പച്ച നിറത്തിലാണ്.
പത്രപരസ്യം വന്നതോടെ കശ്മീരിൽ ബിജെപി കാവി ഉപേക്ഷിച്ചെന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നു. പിന്നാലെ രാഷ്ട്രീയ പാർട്ടികളും അതേറ്റുപിടിച്ചു. പൊടുന്നനെയുള്ള നിറംമാറ്റം ബിജെപിയുടെ ഇരട്ടത്താപ്പാണെന്നും മതവികാരം വോട്ടാക്കാനുള്ള ശ്രമമാണെന്നുമാണ് പിഡിപിയും നാഷണൽ കോൺഫറൻസും അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നത്. എന്നാൽ നിറത്തിലൂടെയല്ല നിലപാടുകൾ നിർണ്ണയിക്കേണ്ടതെന്നാണ്
സ്ഥാനാർത്ഥി ഖാലിദ് ജഹാംഗീർ ഷെയ്ഖിന്റെ മറുപടി.