തന്ത്രം മാറ്റാൻ ബിജെപി; ശബരിമല തന്നെ മുഖ്യവിഷയം, ശരണം വിളിച്ച് പ്രചാരണം നടത്തും

By Web TeamFirst Published Apr 13, 2019, 10:36 AM IST
Highlights

ശബരിമല വിഷയം ഉന്നയിച്ചുള്ള പ്രചാരണത്തിന് പത്തനംതിട്ടയിലും തൃശ്ശൂരിലും കിട്ടുന്ന ജനസ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചും അതേറ്റു പിടിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികളോടും ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം. നേരത്തെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ഇക്കാര്യത്തില്‍ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്. 

ശബരിമല വിഷയം ഉന്നയിച്ചുള്ള പ്രചാരണത്തിന് കിട്ടുന്ന ജനസ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചും അതേറ്റു പിടിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. വളരെ വൈകി മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച പത്തനംതിട്ടയിലും, തൃശ്ശൂരിലും ശബരിമല വിഷയം വലിയ ഓളമുണ്ടാക്കിയെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. 

തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭഘട്ടത്തില്‍ ശബരിമല വിഷയം  ബിജെപി ഉയര്‍ത്തി കൊണ്ടു വന്നിരുന്നുവെങ്കിലും പിന്നീട് ശബരിമല തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രചാരണം ഒന്നു മയപ്പെടുത്തിയിരുന്നു. ശബരിമല വിഷയം കേന്ദ്രീകരിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിലേക്ക് വഴി തെളിയിച്ചേക്കുമെന്ന ആശങ്ക പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയടക്കമുള്ളവരും മുന്നോട്ട് വച്ചിരുന്നു. 

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തു വന്നതോടെ സാഹചര്യങ്ങള്‍ മാറി. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ കിട്ടുന്ന വമ്പന്‍ സ്വീകരണവും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് ലഭിക്കുന്ന പിന്തുണയും ശബരിമല വിഷയത്തിലെ അവരുടെ നിലപാടിന് കിട്ടുന്ന സ്വീകാര്യത കൂടിയാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. ആറ്റിങ്ങല്ലിലും കോഴിക്കോട്ടും ഈ ട്രന്‍ഡ് പ്രകടമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. 

ഇങ്ങനെ ശബരിമല വിഷയം പറയുന്നിടത്തെല്ലാം പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും കിട്ടുന്ന പിന്തുണയാണ് ഇനിയിപ്പോള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ എതിരായാലും ശബരിമലയുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. 

ശബരിമല വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പ്രഖ്യാപനവും ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണം ഉള്‍പ്പെടുത്തിയതും കേരളഘടകത്തിന് ആത്മവിശ്വാസം നല്‍കുന്നു.

ഇന്ന് മുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളോട് ശബരിമല വിഷയം ശക്തമായി ഉന്നയിച്ച് പ്രചാരണം നടത്തണമെന്ന നിര്‍ദ്ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. ശരണം വിളിച്ചും പ്രചാരണം നടത്തണമെന്ന നിര്‍ദേശം വരെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതായാണ് സൂചന. 

വോട്ടെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കേ കേരളത്തിലെ ഒന്നാമത്തെ തെരഞ്ഞെടുപ്പ് വിഷയം ശബരിമലയാണെന്ന് പ്രഖ്യാപിച്ച് ബിജെപി മുന്നോട്ട് വരുന്നതോടെ ചട്ടലംഘനം ആരോപിച്ച് ഇടതുമുന്നണി ഇവര്‍ക്കെതിരെ രംഗത്തു വരും എന്നുറപ്പാണ്. കര്‍ക്കശ നിലപാടുകളുടെ പേരില്‍ ഇതിനോടകം കേരളത്തിലെ എല്ലാ പാര്‍ട്ടികളുമായും ഉരസി നില്‍ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ ഇതിനെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയണം. 

click me!