'ഹിന്ദുക്കളും ബുദ്ധമതക്കാരും ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്ന് തുരത്തും': അമിത് ഷാ

By Web TeamFirst Published Apr 11, 2019, 11:31 PM IST
Highlights

പൗരത്വാവകാശ പട്ടിക കൃത്യമല്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എതിരെയുള്ള ശക്തമായ നടപടിയാണ് പൗരത്വാവകാശം എന്നാണ് ബിജെപിയുടെ വാദം. 

ഡാര്‍ജിലിങ്: ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരയും ഇന്ത്യയില്‍ നിന്ന്  തുരത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഡാര്‍ജിലിങ്ങിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അമിത് ഷായുടെ പ്രസ്താവന. 

അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് തുരത്തുമെന്നും എന്നാല്‍ ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളെയും സംരക്ഷിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളായ അഭയാര്‍ഥികളെയും കണ്ടെത്തി അവര്‍ക്ക് ഇന്ത്യന്‍  പൗരത്വം നല്‍കും - അമിത് ഷാ പറഞ്ഞു.

യഥാര്‍ത്ഥ  പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ദേശീയ പൗരത്വാവകാശ പട്ടികയെക്കുറിച്ച് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പൗരത്വാവകാശ പട്ടിക കൃത്യമല്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എതിരെയുള്ള ശക്തമായ നടപടിയാണ് പൗരത്വാവകാശം എന്നാണ് ബിജെപിയുടെ വാദം. 

അതേസമയം പൗരത്വാവകാശത്തെക്കുറിച്ച് മമത ബാനര്‍ജി നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. പാക്കിസ്ഥാനെതിരായ മോദി സര്‍ക്കാരിന്‍റെ നടപടികളെ മമത ബാനര്‍ജി എതിര്‍ക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!