'ബിജെപി പുറത്താകും, 1996 ആവര്‍ത്തിക്കും'; കോണ്‍ഗ്രസിന്‍റെ കൈ പിടിക്കാന്‍ ചന്ദ്രശേഖര റാവുവും ടിആര്‍എസും

By Web TeamFirst Published May 9, 2019, 6:27 PM IST
Highlights

കോണ്‍ഗ്രസ് 100 ലധികം സീറ്റുകള്‍ നേടുമെന്നും ബിജെപി 170 ല്‍ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ടി ആര്‍ എസ് നേതാവ് വിനോദ് കുമാര്‍

ഹൈദരാബാദ്: രാജ്യം ഉറ്റുനോക്കുന്ന പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ രൂപീകരണത്തിലേക്കുള്ള ചര്‍ച്ചകളും പ്രമുഖ പാര്‍ട്ടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറിയപങ്കും. ഇത് മുന്‍കൂട്ടി കണ്ട് ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ സജീവമാണ്.

അതിനിടയിലാണ് തെലങ്കാനയിലെ ഭരണകക്ഷിയായ ടി ആര്‍ എസും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസിനോടടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. നേരത്തെ മൂന്നാം മുന്നണിയെന്ന ആശയത്തിനൊപ്പം സഞ്ചരിച്ച റാവു ഇപ്പോള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് നീങ്ങുന്നതായാണ് സൂചന. കേന്ദ്രത്തില്‍ തൂക്കുസഭയുണ്ടാകുന്ന സാഹചര്യമാണെങ്കില്‍ കോണ്‍ഗ്രസിനൊപ്പം കൈ പിടിക്കാന്‍ ടി ആര്‍ എസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രശേഖര റാവുവിന്‍റെ വിശ്വസ്തനും ടി ആര്‍ എസ് നേതാവുമായ ബി വിനോദ് കുമാറാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതിക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനോടാണ് പ്രീയമെന്ന് അദ്ദേഹം ഹൈദരാബാദില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് 100 ലധികം സീറ്റുകള്‍ നേടുമെന്നും ബിജെപി 170 ല്‍ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെയാണെങ്കില്‍ 1996 ലെ പോലെ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരാകും ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുകയെന്നും വിനേദ് കുമാര്‍ സൂചിപിച്ചു.

ഫെഡറല്‍ മുന്നണിക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ അധികാരത്തിലേറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1996 ലെ സമാന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തിലേറുകയും പ്രധാനമന്ത്രിയായി ഇതര പാര്‍ട്ടിയില്‍ നിന്നൊരാള്‍ എത്തുകയും ചെയ്യും. 96 ല്‍ ദേവഗൗഡയായിരുന്നു പ്രധാനമന്ത്രി പദത്തിലേറിയത്. കഴിഞ്ഞ ദിവസം ചന്ദ്രശേഖര റാവുവും വിനോദ് കുമാറും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെഡറല്‍ മുന്നണി സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനിടെ നടന്നെന്നാണ് വ്യക്തമാകുന്നത്.

click me!