പൊലീസ് പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടിന് പിന്നിൽ ഉന്നതർ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

By Web TeamFirst Published May 9, 2019, 4:30 PM IST
Highlights

ഡിജിപിയുടെ അറിവും സമ്മതവുമില്ലാതെ പൊലീസ് സേനാംഗങ്ങളുടെ വോട്ടുകളില്‍ കൃത്രിമം നടക്കില്ല. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരുടെ പങ്ക് തെളിയിക്കേണ്ടതുണ്ടെന്നും അതിന് സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും  മുല്ലപ്പള്ളി പറഞ്ഞു.
 

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ടുകളിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസി‍ന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പോസ്റ്റൽ വോട്ടിലെ അട്ടിമറിക്ക് പിന്നില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സത്യം പുറത്തുവരാൻ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഉന്നതര്‍ പങ്കാളികളായ ഈ കേസില്‍ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗം മാത്രമാണ് ഡിജിപി ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. വിനീത വിധേയരായ ഉദ്യോഗസ്ഥരെ കൊണ്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലൂടെ ഒരിക്കലും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്‍റെ മുന്നില്‍ വരില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

ഒന്നോ രണ്ടോ  ജൂനിയർ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. സംഘടിതവും ആസൂത്രിതവുമായി നടന്ന ഈ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പങ്കില്ലെന്ന് ഒരിക്കലും പറയാന്‍  സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു..

ഡിജിപിയുടെ അറിവും സമ്മതവുമില്ലാതെ പൊലീസ് സേനാംഗങ്ങളുടെ വോട്ടുകളില്‍ കൃത്രിമം നടക്കില്ല. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരുടെ പങ്ക് തെളിയിക്കേണ്ടതുണ്ടെന്നും അതിന് സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും  മുല്ലപ്പള്ളി പറഞ്ഞു.


 

click me!