കൊല്ലത്ത് ബിജെപി പ്രേമചന്ദ്രന് വോട്ട് മറിച്ചെന്ന് ആരോപണം: ജില്ലാ നേതൃത്വത്തിൽ പൊട്ടിത്തെറി

By Web TeamFirst Published Apr 18, 2019, 8:54 PM IST
Highlights

യുവമോ‍ര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ് പ്രശാന്ത്, ജില്ലാ ലീഗൽ സെൽ ഭാരവാഹി കൈലാസ്നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരസ്യ പ്രതിഷേധം. ആരോപണം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് അടിയന്തര യോഗം വിളിച്ചു

കൊല്ലം: യുഡിഎഫിന് വോട്ട് മറിക്കാൻ ജില്ലാ നേതൃത്വം ശ്രമിക്കുന്നെന്ന ഒരു വിഭാഗത്തിന്‍റെ ആരോപണത്തെത്തുടര്‍ന്ന് കൊല്ലത്തെ ബിജെപിയില്‍ പൊട്ടിത്തെറി. ആരോപണം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് അടിയന്തര യോഗം വിളിച്ചു. യുവമോര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

കൊല്ലത്ത് ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി യുഡിഎഫിനെ സഹായിക്കുന്നെന്ന രൂക്ഷ ആക്ഷേപവുമായി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്‍റെ ആറിവോടെയുളള രഹസ്യനീക്കമാണിതെന്നാണ് പാ‍ർട്ടിക്കുള്ളിൽ നിന്ന് തന്നെ ആരോപണമുയരുന്നത്. യുവമോ‍ര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ് പ്രശാന്ത്, ജില്ലാ ലീഗൽ സെൽ ഭാരവാഹി കൈലാസ്നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരസ്യ പ്രതിഷേധം. മെയ്ക്ക് എ വിഷൻ എന്ന സന്നദ്ധ സംഘടനയും ഇവർ രൂപികരിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എൻഡിഎ സ്ഥാനാര്‍ത്ഥി പിഎം വേലായുധന് ലഭിച്ചത് 58671 വോട്ടാണ്. എൻ കെ പ്രമേചന്ദ്രന്‍റെ ഭൂരിപക്ഷം 37649 വോട്ടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വിഹിതം 130672 ആക്കി ഉയര്‍ത്തി. അതില്‍ ചാത്തന്നൂരില്‍ കോൺഗ്രസിനെ പിൻതള്ളി രണ്ടാമത് എത്തുകയും ചെയ്തു. എന്നാൽ, ഇത്തവണ ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ദുർബലമാക്കിയിരിക്കുകയാണെന്നും ഇത് പ്രേമചന്ദ്രന് വേണ്ടി വോട്ടുമറിക്കാനാണെന്നുമാണ് ആരോപണം.

ഇത് തടയാൻ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സന്നദ്ധ സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കുമെന്നും ഇവർ വ്യക്തമാക്കി. ആരോപണം പരിശോധിക്കാൻ യോഗം വിളിക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു .തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി ചേര്‍ന്നത്. ആരോപണം അന്വേഷിക്കണമെന്ന് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് പരസ്യമായി രംഗത്ത് വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

click me!