ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; ദില്ലിയിലെ ചര്‍ച്ചകള്‍ നിര്‍ണായകം

Published : Mar 18, 2019, 02:15 PM ISTUpdated : Mar 18, 2019, 02:55 PM IST
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; ദില്ലിയിലെ ചര്‍ച്ചകള്‍ നിര്‍ണായകം

Synopsis

ഇഷ്ടപ്പെട്ട മണ്ഡലത്തിന് വേണ്ടി തര്‍ക്കം രൂക്ഷമായതോടെ നേതാക്കള്‍, കേന്ദ്ര നേതൃത്വത്തിന്‍റെ അന്തിമ തീരുമാനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. 

ദില്ലി: മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് ദില്ലിയിലെ ചര്‍ച്ചകള്‍ മുടങ്ങിയതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. ഇഷ്ടപ്പെട്ട മണ്ഡലത്തിന് വേണ്ടി തര്‍ക്കിക്കുന്ന നേതാക്കള്‍, ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പളളിയുടെ കാര്യത്തില്‍ തീരുമാനം ആയതോടെ മറ്റു മണ്ഡലങ്ങളിലെ ബി‍ഡിജെഎസ് സ്ഥാനാര്‍ഥികളുടെ പട്ടികയും തയ്യറായി.

ഇന്നലെ രാത്രി തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയിരുന്നു. പാര്‍ലമെന്‍ററി ബോര്‍ഡ് ചര്‍ച്ച ചെയ്ത്ഇന്ന് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ ബിജെപി ആസ്ഥാനത്ത് യോഗങ്ങള്‍ നിര്‍ത്തിവെച്ചതോടെ ഇത് മുടങ്ങി. നാളെ ബോര്‍ഡ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയ ശേഷം വൈകിട്ടോടെ പ്രഖ്യാപിക്കും. തര്‍ക്കമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് വിട്ടു.

തുഷാറിന്‍റെ വരവോടെ തൃശൂര് നഷ്ടപ്പെട്ട കെ സുരേന്ദ്രന് ആറ്റിങ്ങൽ മണ്ഡലം നൽകാനാണ് നീക്കം. പത്തനംതിട്ടയോ തൃശൂരോ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുന്ന  കെ സുരേന്ദ്രന്‍, കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തിന് എതിരു നില്‍ക്കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ഇഷ്ടപ്പെട്ട സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന നിലപാടെടുത്ത എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സംഘടനാ രംഗത്ത് തുടരും. ബിഡിജെഎസിൽ നിന്ന് തിരികെ വാങ്ങിയ എറണാകുളത്ത് അല്‍ഫോൺസ് കണ്ണന്താനത്തിനാണ് പ്രഥമ പരിഗണന. പത്തനംതിട്ട കിട്ടിയെങ്കില്‍ മാത്രമേ മല്‍സരിക്കൂ എന്ന നിലപാടില്‍ കണ്ണന്താനം ഉറച്ച് നിന്നാല്‍ കേന്ദ്ര നേതൃത്വം എറണാകുളത്ത് ടോം വടക്കനെ നിർദേശിച്ചേക്കും.

ബിഡിജെഎസില്‍ നിന്ന് ആലത്തൂരില്‍ ടി വി ബാബുവും ഇടുക്കിയില്‍ ബിജുകൃഷ്ണനും മാവേലിക്കരയില്‍ തഴവ സഹദേവനും സ്ഥാനാർഥികളാകും. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?