ലീഗ് കള്ളവോട്ട് ചെയ്തിട്ടില്ല, ആരോപണം ലീഗിനെ മോശമായി ചിത്രീകരിക്കാനെന്ന് കെപിഎ മജീദ്

By Web TeamFirst Published May 1, 2019, 10:51 AM IST
Highlights

കള്ളവോട്ടാരോപണത്തില്‍ കണ്ണൂർ ജില്ലാ കമ്മിറ്റി നല്‍കിയ വിശദീകരണ റിപ്പോർട്ട് അംഗീകരിക്കുന്നതായും മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

മലപ്പുറം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കള്ളവോട്ടാരോപണത്തില്‍ കണ്ണൂർ ജില്ലാ കമ്മിറ്റി നല്‍കിയ വിശദീകരണ റിപ്പോർട്ട് അംഗീകരിക്കുന്നതായും മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. 69, 70 ബൂത്തുകളിൽ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്നുമാണ് വിശദീകരണം.   

ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാൽ ബൂത്തിൽ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് വിശദീകരണം. 2 ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ല. ഇയാൾ ഇടത് അനുഭാവി ആണെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു.  

പാമ്പുരിത്തി ബൂത്തിൽ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന്‍റെ ബൂത്ത് ഏജന്‍റ് അവിടെ ഉണ്ടായിട്ടും മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നും ലീഗ് ചോദിച്ചു. പിലാത്തറയിലെ കള്ളവോട്ടിന്‍റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങൾ എന്നും ലീഗ് തിരിച്ചടിച്ചു. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ കരീം ചേലേരിയുടേതാണ് പ്രസ്താവന.

അതേസമയം കാസര്‍ഗോഡ് വേട്ടെടുപ്പ് ദിവസം വെബ്കാസ്റ്റിംഗ് ദുശ്യങ്ങൾ തടസ്സപ്പെട്ടതിനെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലീഗ് ജില്ലാ കളക്ടർക്ക് പരാതി നൽകി. വോട്ടെടുപ്പ്  ദിവസം ഉച്ചക്ക് ഒരു മണിക്കൂർ നേരം വെബ് കാസ്റ്റിംഗ് തടസ്സപ്പെട്ടെന്നാണ് പരാതിയിലെ ആരോപണം. 
 

click me!