തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ 'സി-വിജിൽ' ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Mar 23, 2019, 11:25 AM IST
Highlights

സി-വിജിൽ (C-VIGIL‍) എന്ന പേരിൽ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ വഴി അയക്കുന്ന പരാതികളിൽമേൻ ഉടനടി നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകുന്നു. കേരളാ പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികൾ അയക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സി-വിജിൽ (C-VIGIL‍) എന്ന പേരിൽ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ വഴി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും അയക്കാവുന്നതാണ്. കേരളാ പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്. 

ആപ്പ് വഴി അയക്കുന്ന പരാതികളിൽമേൻ ഉടനടി നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകുന്നതായി കേരളാ പൊലീസ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അത് മൊബൈൽ ഫോൺ ക്യാമയിൽ പകർത്തി ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെൻ്ററുകളിലേയ്ക്ക് അയക്കാം. ഇത്തരത്തിൽ അയച്ച സന്ദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് സെൻ്ററുകൾ വഴി അതാത് നിയമസഭാ മണ്ഡലം സ്ക്വാഡുകൾക്ക് കൈമാറും. പരാതികളിൽ നടപടി എടുക്കുന്നതിനായി ചുമതലപ്പെടുത്തിയ സ്ക്വാഡുകൾ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. 

എന്നാൽ, ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ആപ്പ് വഴി അയക്കാൻ സാധിക്കുകയുള്ളു. മറ്റുള്ളവർ എടുത്ത് കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ വ്യാജമായ പരാതികൾ ഒഴിവാക്കാൻ സാധിക്കും. ചട്ടലംഘനം എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുതാതെ ആപ്പ് വഴി അയക്കുന്നത് തടയാനാണ് സ്വന്തം ഫോൺ ക്യാമറ വഴി എടുത്ത ചിത്രങ്ങൾക്ക് മാത്രമായി ആപ്പ് നിജപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന‌് നേരിട്ടു ബോധ്യമായ പരാതി മാത്രമേ ആപ്പ് വഴി അയയ്ക്കാൻ കഴിയുകയുള്ളു. 

തുടർച്ചയായി അഞ്ച് മിനിറ്റ് മാത്രമേ ആപ്പ് പ്രവർത്തിക്കുകയുള്ളു. അഞ്ച് മിനിറ്റ് കഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്ന് പരാതി അഞ്ച് മിനിറ്റിൽ ഒതുക്കി പകർത്തി അയയ്ക്കേണ്ടി വരും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലഘൂകരിക്കാനും പ്രചാരണ ഘട്ടത്തിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനും ഒട്ടേറെ നൂതന വിദ്യകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപം നൽകിയതായും കേരള പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. സി-വിജിൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. 
 

click me!