പശ്ചിമബംഗാളിൽ പരസ്യപ്രചാരണം ഇന്നു കൂടി മാത്രം: 'അടിയന്തരാവസ്ഥ'യെന്ന് മമത

Published : May 16, 2019, 07:27 AM ISTUpdated : May 16, 2019, 10:23 AM IST
പശ്ചിമബംഗാളിൽ പരസ്യപ്രചാരണം ഇന്നു കൂടി മാത്രം: 'അടിയന്തരാവസ്ഥ'യെന്ന് മമത

Synopsis

ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത്. അമിത് ഷായുടെ റാലിയിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍റെ നടപടി. 

കൊൽക്കത്ത: പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാന‍ർജി. മോദിയുടെ പ്രചാരണം അവസാനിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തെന്നും, ഇത് ബിജെപിക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ "സമ്മാനമാണെ'ന്നും മമതാ ബാനർജി ആരോപിച്ചു. ജനാധിപത്യവിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെന്നും പശ്ചിമബംഗാളിലെ ജനങ്ങളെ അപമാനിക്കുകയാണ് ഇതിലൂടെ കമ്മീഷൻ ചെയ്തതെന്നും മമത പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പശ്ചിമബംഗാൾ ബിജെപി ഘടകം സ്വാഗതം ചെയ്തു. അമിത് ഷായുടെ 'ജയ് ശ്രീറാം' റാലിയിൽ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് അസാധാരണ നീക്കത്തിലൂടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെര. കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം, തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കാനോ, നീട്ടി വയ്ക്കാനോ, സ്ഥാനാർത്ഥികൾക്ക് നേരെ നടപടിയെടുക്കാനോ മാത്രമേ ഇതുവരെ ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുള്ളൂ. 

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ട സിഐഡി ഡിജി രാജീവ് കുമാറിനെ കമ്മീഷൻ സ്ഥലം മാറ്റിയിരുന്നു. രാജീവ് കുമാറിനോട് ഇന്ന് ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ പരാതിയിൽ ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതായി ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.

മെയ് 19-ന് പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ 9 സീറ്റുകളാണ് ജനവിധിയെഴുതുക. ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് സംഘർഷഭരിതമായിരുന്നു. പലയിടത്തും ബൂത്ത് പിടിച്ചെടുക്കലും അക്രമങ്ങളും അരങ്ങേറിയതായി ആരോപണങ്ങളും പരാതിയും ഉയർന്നു. ആറാം ഘട്ട തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി പ്രകാരം ഇന്ന് രാത്രി 10 മണി വരെയേ പരസ്യപ്രചാരണം നടത്താൻ കഴിയൂ. നാളെയും മറ്റന്നാളും നിശ്ശബ്ദപ്രചാരണമായിരിക്കും. കനത്ത സുരക്ഷയും മണ്ഡലങ്ങളിൽ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. 

അതേസമയം, മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്നാലെ ബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കോൺഗ്രസും രംഗത്തെത്തി. നടപടി ഭരണഘടനയോടുള്ള പൊറുക്കാനാകാത്ത വഞ്ചനയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. മോദിക്കും അമിത്ഷാക്കുമെതിരെ കൊടുത്ത പരാതികളിലൊന്നും ഒരു നടപടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിട്ടില്ല. ഒരു ഭരണഘടനാ സ്ഥാപനത്തിന്‍റെ നാണംകെട്ട പതനമാണിതെന്നും സുർജേവാല ആരോപിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?