പീഡനക്കേസില്‍ ഒളിവില്‍ പോയ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചോദിച്ച് മായാവതിയും അഖിലേഷും

By Web TeamFirst Published May 15, 2019, 9:38 PM IST
Highlights

മെയ് 23 വരെ റായിയുടെ  അറസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശ്: ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായി ഒളിവില്‍ കഴിയുന്ന ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഖോഷി മണ്ഡലത്തിലണ് ഒളിവില്‍ പോയ അതുല്‍ റായിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വോട്ടുതേടി മായാവതിയും അഖിലേഷ് യാദവും എത്തിയത്. 

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ അതുല്‍ റായ് കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിലാണ്. ഒളിവില്‍ പോയ റായിയ്ക്ക് വേണ്ടി അനുയായികളാണ് പ്രചാരണം നടത്തുന്നത്.മെയ് ഒന്നിനാണ് അതുല്‍ റായിയ്ക്കെതിരെ പീഡനക്കുറ്റം ചുമത്തി പൊലീസ് കേടുത്തത്. എന്നാല്‍ അതുല്‍ റായിയെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. റായിയുടെ ജനസമ്മതി ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഫലമാണ് കള്ളക്കേസ് എന്ന് അഖിലേഷ് യാദവും മായാവതിയും ആരോപിച്ചു. അതുല്‍ റായിയ്ക്ക് വോട്ട് ചെയ്യണമെന്നും ഇവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

വാരണാസിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായിക്കെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതുല്‍ റായി മലേഷ്യയിലേക്ക് കടന്നെന്നാണ് സൂചന.

മെയ് 23 വരെ റായിയുടെ  അറസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെയ് 17-നാണ് കേസിന്‍റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. 

click me!