
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ളവരെ മുമ്പും കണ്ടിട്ടുണ്ട്. എന്നാൽ ഒറ്റ നോട്ടത്തിൽ മോദിയാണെന്ന് തോന്നുന്ന ഒരു സ്ഥാനാർത്ഥി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ലഖ്നൗ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അഭിനന്ദൻ പതക് ആണത്. മോദിയുടെ മണ്ഡലമായ വാരണാസിയിലും താൻ മത്സരിക്കുമെന്ന് അഭിനന്ദൻ പതക് പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം അഭിനന്ദൻ പുറത്തിറക്കിയ മുദ്രാവാക്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുകയാണ്. 'ഒരു വോട്ടിന് ഒരു നോട്ട്' എന്നാണ് അഭിനന്ദന്റെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണ് മുദ്രാവാക്യം എന്ന് കാണിച്ചാണ് ജില്ലാ മജിസ്ട്രേറ്റ് കൗശൽരാജ് ശർമ്മ നോട്ടീസ് അയച്ചത്.
സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരിക്കണം നൽകാത്ത പക്ഷം നടപടി എടുക്കുമെന്ന് കമ്മീഷൻ കത്തിൽ പറഞ്ഞു. അതേസമയം, താനൊരു ഗൗരവമുള്ള സ്ഥാനാർത്ഥിയാണ് ഒരു ഡമ്മിയല്ല. തട്ടിപ്പുകൾക്ക് താൻ എതിരാണെന്നും അഭിനന്ദന്‍ പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നതായും അഭിനന്ദൻ വ്യക്തമാക്കി.
മോദിയെ അനുകരിക്കുന്ന തരത്തിലാണ് അഭിനന്ദന്റെ നടത്തവും ഭാവവുമെല്ലാം. വസ്ത്രധാരണപോലും മോദിയെ അനുകരിച്ചാണ്. തെരഞ്ഞെടുപ്പ് റാലികളിൽ 'മിത്രോം' എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിക്കുക. ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയായ അഭിനന്ദൻ പതക് ആർപിഐ (റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ)യുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം ആർപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്.