ജയിച്ചാല്‍ മാസം തോറും 10 ലിറ്റര്‍ മദ്യം ഓരോ വീട്ടിലും; വ്യത്യസ്ഥമായ ഒരു വാഗ്ദാനവുമായി സ്ഥാനാര്‍ത്ഥി

By Web TeamFirst Published Mar 24, 2019, 11:16 PM IST
Highlights

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് തമിഴ്നാട് തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദിന്‍റെ വാഗ്ദാനം

ചെന്നൈ: തെരഞ്ഞെടുപ്പ് കാലം സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാന പെരുമഴയാല്‍ സമ്പന്നമാണ്. വാഗ്ദാനങ്ങളുടെ തീവ്രത കൂടുന്തോറും ജനങ്ങള്‍ ആകൃഷ്ടരാകും എന്നതാണ് യാഥാര്‍ത്ഥ്യം. അഞ്ചു വര്‍ഷക്കാലത്തിനിപ്പുറം എത്രത്തോളം വാഗ്ദാനങ്ങള്‍ നടപ്പാക്കി എന്ന് ജയിച്ച സ്ഥാനാര്‍ത്ഥികളോട് ചോദിച്ചാല്‍ പലരും ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടും. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നല്‍കിയ വാഗ്ദാനം ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുകയാണ്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് തമിഴ്നാട് തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദിന്‍റെ വാഗ്ദാനം. മാസം തോറും 10 ലിറ്റര്‍ മദ്യം എല്ലാ വീട്ടിലുമെത്തിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ഷെയ്ക്ക് ദാവൂദ് ഉറപ്പുനല്‍കുന്നത്. ശനിയാഴ്ച കളക്ടറേറ്റിലെത്തി  തെ‌ര‌ഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്‍റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്.

പോണ്ടിച്ചേരിയില്‍ നിന്നും ഇറക്കുമതി ചെയ്യ്താകും 10 ലിറ്റര്‍ മദ്യം വീടുകളിലെത്തിക്കുക എന്നും ദാവൂദ് പറഞ്ഞുവയ്ക്കുന്നു. മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നല്‍കുമെന്നും അദ്ദേഹം പറയുന്നു. മേട്ടൂര്‍ മുതല്‍ തിരുപ്പൂര്‍ വരെ കനാല്‍, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എം പി ഫണ്ടില്‍ നിന്നും നല്‍കും അങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിരതന്നെയുണ്ട് തിരുപ്പൂറുകാര്‍ക്ക്. ഇവിടെ എഐഎഡിഎംകെ യ്ക്ക് വേണ്ടി മത്സരിക്കുന്നത് എം എസ് എം ആനന്ദനാണ്. സിപിഐയുടെ സുബ്ബരായനാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയ്ക്ക് വേണ്ടി പോരാട്ടത്തനിറങ്ങുന്നത്.

click me!