
കോഴിക്കോട്: പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളര്‍ത്താമെന്ന സി പി എം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍.
നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ എത്രത്തോളം ഭയപ്പാടോടെ കാണുന്നുവെന്നതിന്റെ തെളിവാണെന്ന് എം കെ രാഘവന്‍ പറഞ്ഞു.
10 വര്‍ഷമായി ജനങ്ങള്‍ക്കിടയിലുള്ള തന്നെ അവര്‍ക്ക് നല്ലതുപോലെ അറിയാം. കോഴിക്കോട് എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവില്‍ നിന്നും വിഭ്രാന്തിയില്‍ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സി പി എം കൂട്ടുനില്‍ക്കുന്നതെന്ന് എം കെ രാഘവന്‍ ആരോപിച്ചു.
കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും എന്റെ വിധി വിട്ടുകൊടുക്കുകയാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സി പി എം കരുതേണ്ടെന്നും എം കെ രാഘവന്‍ കൂട്ടിച്ചേര്‍ത്തു.