കാസർകോട്ടെ കള്ളവോട്ട്; ചീമേനി സ്വദേശിക്കെതിരെ ഇന്ന് കേസെടുത്തേക്കും

By Web TeamFirst Published May 3, 2019, 6:15 AM IST
Highlights

ചീമേനിയിലെ കള്ളവോട്ട് പരാതിയിൽ ശ്യാം കുമാറിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഒത്താശ നിന്ന പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം.

കാസർകോട്: തൃക്കരിപ്പൂർ ചീമേനിയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇന്ന് പൊലീസ് കേസെടുക്കാൻ സാധ്യത. തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്യാം കുമാറിനെതിരെ കേസെടുക്കാനാണ് സാധ്യത. 

ചീമേനിയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയത്തോടെ കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്നലെ നിർദേശം നൽകിയിരുന്നു. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ വരണാധികാരികൂടിയായ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 171 സി, ഡി.എഫ് പ്രകാരം പൊലീസിന് പരാതി നൽകാനാണ് നിർദേശം. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 134 പ്രകാരമാണ് അന്വേഷണം നടത്തുക. 

കണ്ണൂർ പിലാത്തറയിൽ കേസെടുത്തതിന് പിറകെയാണ് ശ്യാം കുമാറിനെതിരെ കേസ് എടുക്കാനും ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നല്‍കിയത്. കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. പുതിയങ്ങാടിയിൽ കൂടുതൽ പേർ കള്ള വോട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിന് ഹാജരാകാത്ത അബ്ദുൾ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.

click me!