മോദിയുടെ രണ്ടാമൂഴത്തില്‍ കേരളത്തിന് കേന്ദ്രമന്ത്രി സ്ഥാനം? വി മുരളീധരന്‍, കുമ്മനം, കണ്ണന്താനം സാധ്യതയാര്‍ക്ക്

By Web TeamFirst Published May 23, 2019, 6:06 PM IST
Highlights

രാജ്യമാകെ മോദി കാറ്റ് ആഞ്ഞടിച്ചപ്പോള്‍ തമിഴ് നാട്ടിലും കേരളത്തിലും അത് പ്രകടമായില്ല. കേരളത്തില്‍ അഞ്ച് സീറ്റില്‍ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചിരുന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കേന്ദ്രമന്ത്രിയാകുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍

തിരുവനന്തപുരം: പ്രതിപക്ഷ സ്വപ്നങ്ങള്‍ക്ക് മേല്‍ കൊടുങ്കാറ്റായി മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറുകയാണ്. ഹിന്ദി ഹൃദയ ഭൂമികയില്‍ തേരോട്ടം നടത്തിയ ബിജെപി ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

രാജ്യമാകെ മോദി കാറ്റ് ആഞ്ഞടിച്ചപ്പോള്‍ തമിഴ് നാട്ടിലും കേരളത്തിലും അത് പ്രകടമായില്ല. കേരളത്തില്‍ അഞ്ച് സീറ്റില്‍ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചിരുന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കേന്ദ്രമന്ത്രിയാകുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍.

എന്തായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കാര്യങ്ങളില്‍ തീരുമാനമായി. ആര്‍ക്കും ജയമില്ല, കാടിളക്കി പ്രചരണം നടത്തിയ സുരേഷ് ഗോപി മുതല്‍ കണ്ണന്താനവും, കുമ്മനവും സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെല്ലാം നിരാശരായി. അങ്ങനെ മൊത്തം നിരാശപെടേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കേന്ദ്രത്തില്‍ മോദിക്ക് രണ്ടാമൂഴം ലഭിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി എന്ന പ്രതീക്ഷ ഇനിയും ബാക്കിയാണ്.

കഴിഞ്ഞ തവണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രി സ്ഥാനം നല്‍കിയ മോദി ഇക്കുറി ആരെ തുണയ്ക്കും എന്നതാണ് അറിയാനുള്ളത്. ഒന്നാം ഘട്ടത്തിലല്ലെങ്കിലും ഭാവിയിലെങ്കിലും കേരളത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത ആരും തള്ളികളയുന്നില്ല. അങ്ങനെയെങ്കില്‍ ആര്‍ക്കാകും നറുക്കുവീഴുക എന്ന് പ്രവചിക്കുക അസാധ്യമാണ്.

നിലവില്‍ കേന്ദ്ര മന്ത്രി സ്ഥാനത്തിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് തന്നെയാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ കുമ്മനത്തിന്‍റെ സാധ്യതകളും തള്ളികളയാനാകില്ല. അതേസമയം രാജ്യസഭാംഗമായി പ്രവര്‍ത്തിക്കുന്ന വി മുരളീധരനാണ് അപ്രതീക്ഷിതമായി സ്ഥാനം ലഭിക്കാവുന്ന മറ്റൊരാള്‍. കഴിഞ്ഞ തവണ കയ്യെത്തും ദൂരെ നഷ്ടമായ മന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ മുരളി കൂടി ശ്രമിച്ചാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!