കുമ്മനം പരാജയഭീതി മൂലം യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടിയ ഉത്തരനെ പോലെ; പരിഹസിച്ച് ചെന്നിത്തല

By Web TeamFirst Published Sep 29, 2019, 5:41 PM IST
Highlights

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥായായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാ‍ർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞതോടെയാണ് ബിജെപി നിലപാട് മാറ്റിയത്. സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി  ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു. യുഡിഎഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് ഇത്.

തിരുവനന്തപുരം : ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകാത്തതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ. പരാജയ ഭീതി മൂലം യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടിയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ റോ‍ഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥായായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാ‍ർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞതോടെയാണ് ബിജെപി നിലപാട് മാറ്റിയതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. ഇതിനു മുൻപും മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹൻകുമാ‍‍ർ. സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി  ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന്റെ ഒളിച്ചോട്ടം... യുഡിഎഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും എതിരായി കണ്ട ജനവികാരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് റോ‍ഡ് ഷോയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല പറഞ്ഞു. അന്നത്തെ യുഡിഎഫ് അനുകൂല വികാരം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഈ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റം കുറിക്കുന്നതായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More: 'ഒഴിവാക്കിയ കാരണം അറിയില്ല, സുരേഷിനായി ത്യാഗം സഹിച്ചും പ്രവർത്തിക്കും': കുമ്മനം

അതേ സമയം വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വത്തിനായി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്‍റെ പേരും അയച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ടാണ് കേന്ദ്രനേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും ആയിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. യുക്തനായ സ്ഥാനാർത്ഥിയാണ് എസ്. സുരേഷ്. സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം വ്യക്തമാക്കി. ഒരാളെയല്ലേ പാർട്ടിയ്ക്ക് തീരുമാനിക്കാനാകൂ എന്നും സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

 

Read More:  വട്ടിയൂർക്കാവിൽ കുമ്മനത്തെ വെട്ടി എസ് സുരേഷ് സ്ഥാനാർത്ഥി, കോന്നിയിൽ കെ സുരേന്ദ്രൻ

കുമ്മനം രാജശേഖരന്‍റെ പേര് ആണ്  വട്ടിയൂർക്കാവിൽ പറഞ്ഞു കേട്ടതെങ്കിലും അവസാനനിമിഷം ആണ് എസ്.സുരേഷിനെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്. കുമ്മനം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒ.രാജഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ കടുത്ത സമ്മർദ്ദവും ചെലുത്തിയിരുന്നു. ഒടുവിൽ ആർഎസ്എസ് കൂടി ഇടപെട്ട് കുമ്മനം മത്സരിക്കാൻ സമ്മതിച്ചെങ്കിലും വി.മുരളീധരന്‍റെ പക്ഷത്ത് നിന്നുള്ള ഒരു വിഭാഗം നേതാക്കളിടപെട്ട് കുമ്മനത്തെ വെട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വി.വി.രാജേഷിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്നതായിരുന്നു വി.മുരളീധര പക്ഷത്തിന്‍റെ താത്പര്യം. ഒടുവിൽ സാധ്യതാപട്ടികയിൽ രണ്ടാമതുള്ള എസ്.സുരേഷിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

 

click me!