തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വത്തിനായി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്‍റെ പേരും അയച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ടാണ് കേന്ദ്രനേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും യുക്തനായ സ്ഥാനാർത്ഥിയാണ് എസ് സുരേഷെന്നും കുമ്മനം രാജശേഖരൻ. ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.

സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം വ്യക്തമാക്കി. ഒരാളെയല്ലേ പാർട്ടിയ്ക്ക് തീരുമാനിക്കാനാകൂ എന്നും സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും കുമ്മനം.

ഏറ്റവും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തോടെയും സ്ഥാനാർത്ഥിപ്പട്ടിക അംഗീകരിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി. സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് തനിക്ക് നിർബന്ധമില്ല. പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാളാണ് താൻ. സുരേഷിനായി എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും കുമ്മനം വ്യക്തമാക്കി.

കൂടുതൽ വായിക്കാം: വട്ടിയൂർക്കാവിൽ കുമ്മനത്തെ വെട്ടി എസ് സുരേഷ് സ്ഥാനാർത്ഥി, കോന്നിയിൽ കെ സുരേന്ദ്രൻ

വട്ടിയൂർക്കാവിൽ വൻവിജയം നേടും: എസ് സുരേഷ്

സമുന്നതനായ കുമ്മനം വരണമെന്ന് താൻ കൂടി ആഗ്രഹിച്ചതാണെന്നും എന്നാൽ കേന്ദ്രനേതൃത്വം വട്ടിയൂർക്കാവിലെ നിലവിലെ പല ഘടകങ്ങളും മറ്റ് ചില മാനദണ്ഡങ്ങളും കണക്കാക്കിയാണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും എസ് സുരേഷ് വ്യക്തമാക്കി. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എസ് സുരേഷിന്‍റെ അവകാശവാദം. 

''ഞാൻ കഴിഞ്ഞ ആറ് വർഷമായി ബിജെപി ജില്ലാ പ്രസിഡന്‍റെന്ന നിലയിൽ കുമ്മനത്തിന്‍റെയും ഒ രാജഗോപാലിന്‍റെയും അനുഗ്രഹത്താൽ പ്രവർത്തിച്ചയാളാണ്. കഴിഞ്ഞ ആറ് വർഷമായി ഞാനെവിടേയ്ക്കും മത്സരിച്ചിട്ടില്ല. ജില്ലാ പ്രസിഡന്‍റ് പദവിയുടെ കാലാവധി അവസാനിക്കാൻ പോവുകയാണ്. ആ സമയത്ത് ഇങ്ങനെയൊരു അവസരം നൽകിയതിൽ സന്തോഷം'', എന്ന് എസ് സുരേഷ്.