എം കെ രാഘവനെതിരായ കോഴ ആരോപണം: ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് ടിക്കാറാം മീണ

By Web TeamFirst Published Apr 4, 2019, 8:40 AM IST
Highlights

ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കുടുങ്ങിയത്. 

തിരുവനന്തപുരം: എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്. 

ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനല്‍ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപറേഷന്‍.

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്ത് വന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. കോഴ ആരോപണം വന്നതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്

click me!