സിപിഎം പ്രചാരണ റാലിയിൽ വടിവാൾ; ഡിജിപിയോട് റിപ്പോർട്ട് തേടി ടിക്കാറാം മീണ

By Web TeamFirst Published Apr 8, 2019, 4:41 PM IST
Highlights

പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ടിക്കാറാം മീണ അറിയിച്ചു. 

തിരുവനന്തപുരം: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എംബി രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്  നിർദ്ദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങൾ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഡിജിപിയെ അറിയിച്ചു. 

പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ടിക്കാറാം മീണ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും  ഉടൻ  റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ എം ബി രാജേഷിന്‍റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കിൽ നിന്ന് വടിവാൾ വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിരുന്നു.  

click me!