
ഹൈലകണ്ടി: രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള അതിരൂക്ഷ വിമർശനം ആസാമിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം നടത്തിയത്. താൻ വെല്ലുവിളിച്ചിട്ടും സംവാദത്തിന് മോദി തയ്യാറാകാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിലൊരു വിമർശനം നടത്തിയത്.
അനിൽ അബാനി, മെഹുൽ ചോക്സി, നീരവ് മോദി തുടങ്ങിയ ധനികരായ ബിസിനസുകാരെ മാത്രമേ മോദിയുടെ സാമ്പത്തിക നയങ്ങൾ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മുഴുവൻ ഇതേക്കുറിച്ചുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തെ പാവപ്പെട്ടവർക്ക് പണം നൽകിയെന്നാവും കോൺഗ്രസ് അധികാരത്തിലെത്തിയാൽ വാർത്തകളുടെ തലക്കെട്ടെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നും പറഞ്ഞ നരേന്ദ്ര മോദി വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാലുടൻ രാജ്യത്തെ എല്ലാ നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.