കോന്നിയിൽ വെടിനിർത്തൽ, വിമതനാകാൻ പോയ റോബിൻ പീറ്ററിനെ അനുനയിപ്പിച്ച് ചെന്നിത്തല

By Web TeamFirst Published Sep 28, 2019, 9:37 PM IST
Highlights

വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർദേശിച്ചിട്ടും മറ്റൊരു പേര് തീരുമാനിച്ചെന്ന് മാത്രമല്ല, അതൊന്ന് അറിയിക്കാൻ പോലും തയ്യാറായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ച് അടൂർ പ്രകാശ്.

കോന്നി: ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ വിമത സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിയ റോബിൻ പീറ്ററിനെ അനുനയിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന കോൺഗ്രസ് നേതൃത്വവും. വ്യക്തിപരമായി വരെ അധിക്ഷേപം കേട്ട റോബിൻ പീറ്ററിനെ ചെന്നിത്തല തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തി. ഒടുവിൽ വിമതനാകാനില്ലെന്നും ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്നും റോബിൻ പീറ്റർ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. അത് അടൂർ പ്രകാശിനെ അറിയിക്കും. ചർച്ചയിൽ തൃപ്തിയുണ്ടെന്നും റോബിൻ പീറ്റർ വ്യക്തമാക്കി. 

വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് താൻ നിർദേശിച്ചതെന്നും, അത് പരിഗണിക്കുക പോലും ചെയ്യാതെ മറ്റൊരു പേര് തീരുമാനിച്ച സംസ്ഥാന കോൺഗ്രസ് നേതൃത്വം തന്നോടത് പറയുക പോലും ചെയ്തില്ലെന്ന് അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് രാവിലെ തുറന്നടിച്ചിരുന്നു. ഇതോടെ, പത്തനംതിട്ട ഡിസിസിയിലെ ഭിന്നത മറ നീക്കി പുറത്തുവന്നു. വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ റോബിൻ പീറ്ററാകട്ടെ റിബൽ സ്ഥാനാർത്ഥിത്വം തള്ളിയതുമില്ല.

കോന്നിയിൽ ആദ്യം മുതലേ അടൂർ പ്രകാശ് വാദിച്ചത് റോബിൻ പീറ്ററിന് വേണ്ടിയാണ്. എന്നാൽ ഈഴവസ്ഥാനാർത്ഥിയെ ഇറക്കാനും അങ്ങനെ സമുദായ സന്തുലനം ഉറപ്പാക്കാനുമാണ് പി മോഹൻരാജിനെ കളത്തിലിറക്കുന്നതെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം മറുപടി നൽകിയത്. ''ഞാനൊരു ചാനലിലൂടെയാണ് അദ്ദേഹമാണ് സ്ഥാനാർത്ഥി എന്ന് ഞാനറിഞ്ഞത്. എന്നോട് ജയിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയുടെ പേര് പറയണമെന്ന് പറ‍ഞ്ഞു, ഞാനൊരു പേര് പറഞ്ഞു.  സാമുദായിക സന്തുലനം നോക്കേണ്ട ഉത്തരവാദിത്തമൊക്കെ പാർട്ടിക്കാണല്ലോ. പക്ഷേ എന്നോടൊന്ന് പറയാമായിരുന്നു, ആരെയാണ് സ്ഥാനാർത്ഥിയാക്കുന്നതെന്ന്'', എന്ന് അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട്.  

പ്രചാരണത്തിൽ സജീവമാകില്ലേ എന്ന് അടൂർ പ്രകാശിനോട് ചോദിച്ചപ്പോൾ, തന്‍റെ ലോക്സഭാ മണ്ഡലമായ ആറ്റിങ്ങലിൽ തിരക്കുണ്ടെന്നായിരുന്നു അടൂർ പ്രകാശിന്‍റെ മറുപടി. ''പ്രചാരണത്തിന് ഞാനിറങ്ങണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നത് നല്ല കാര്യം. എനിക്കതിൽക്കൂടുതൽ ഒന്നും പറയാനില്ല'', എന്ന് അടൂർ പ്രകാശ്.

കോന്നിയിൽ റിബൽ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിക്കളയുന്നില്ലെന്ന് മാത്രമല്ല, തനിക്ക് നേരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിൽ വരെ, കടുത്ത പ്രതിഷേധമാണ് റോബിൻ പീറ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് രേഖപ്പെടുത്തിയത്. ''എന്നെ എതിർക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്നതിനേക്കാൾ തരം താണ പ്രവർത്തനങ്ങൾ ഡിസിസി നേതൃത്വത്തിലെ മൂന്നോ നാലോ ആളുകൾ നടത്തി'', എന്ന് റോബിൻ പീറ്റർ.

ഗ്രൂപ്പ് അവകാശവാദം, സമുദായ സമവാക്യങ്ങൾ എന്നിവ കണക്കിലെടുത്താണ് സ്ഥാനാർത്ഥി നിർണയമെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോഴും അത് അടൂർ പ്രകാശ് ക്യാമ്പ് മുഖ്യവിലയ്ക്ക് എടുക്കുന്നില്ല. എൻഎസ്എസ്സിന്‍റെ താത്പര്യപ്രകാരമാണ് പി മോഹൻരാജിനെ ഇറക്കിയതെന്നാണ് കെപിസിസി പറയുന്നത്. എന്നാൽ റോബിൻ പീറ്ററിനെ ഇറക്കാതിരിക്കാൻ പി ജെ കുര്യൻ അടക്കമുള്ളവർ കളിച്ചതാണെന്ന സംശയവും അടൂർ പ്രകാശ് ക്യാമ്പിനുണ്ട്. 

പക്ഷേ, പി മോഹൻരാജ് ഇതൊന്നും കണക്കിലെടുക്കുന്നില്ല. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ, മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. വ്യാപക പ്രചാരണം തന്നെ. യുഡിഎഫ് ക്യാമ്പിന്‍റെ ആവേശമുണർത്തിയ പ്രചാരണത്തിൽ ആന്‍റോ ആന്‍റണി എംപിയും പത്തനംതിട്ട ഡിസിസി പ്രസിഡന്‍റടക്കമുള്ള നേതാക്കളും പങ്കെടുത്തു. 

''കോന്നിയിലെ ഭൂരിപക്ഷം എത്രയാണെന്ന് പ്രഖ്യാപിക്കാൻ സമയമായി. ഇത്ര ആവേശം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല'', എന്ന് പി മോഹൻരാജ്. 

ഈ സാഹചര്യത്തിലാണ് അനുനയ ചർച്ചയ്ക്കായി അതൃപ്തരെ കെപിസിസിയിലേക്ക് വിളിച്ച് വരുത്തി ചെന്നിത്തല സംസാരിച്ചത്. എന്നാൽ ഈ അതൃപ്തിയടക്കമുള്ള കാര്യങ്ങൾ വരാനിരിക്കുന്ന ദിവസങ്ങളിൽ പ്രചാരണത്തിലും മണ്ഡലത്തിലെ വോട്ടുകളുടെ അടിയൊഴുക്കിനെയും ബാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം. 

click me!