പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വീണാ ജോര്‍ജ്; താമര വിരിയുമെന്ന് സുരേന്ദ്രന്‍

By Web TeamFirst Published Apr 22, 2019, 2:43 PM IST
Highlights

പത്തനംതിട്ടയില്‍ വിശ്വാസ പോരാട്ടം. ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ച് എൽഡിഎഫ്, ഹിന്ദു കാർഡുമായി ബി ജെ പി, ആരും കൈ വിടില്ലെന്ന് യുഡിഎഫ് 
 

പത്തനംതിട്ട: ശബരിമല നിർണ്ണായകമായ പത്തനംതിട്ടയിൽ അവസാന നിമിഷം പുതിയ തന്ത്രം ഇറക്കി എൽഡിഎഫ്. മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ ആണെന്ന് വീണ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൈന്ദവ വിശ്വാസികളും ന്യൂന പക്ഷങ്ങളും ഒരു പോലെ തുണക്കും എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി വ്യക്തമാക്കി . വിശ്വാസി വോട്ട് ഏകീകരണം വഴി  താമര വിരിയുമെന്നാണ് കെ സുരേന്ദ്രന്റെ പ്രതീക്ഷ .

ശബരിമല വലിയ ചർച്ചയാകുന്ന മണ്ഡലത്തിൽ ഹിന്ദു വോട്ടുകൾ ചോരുമോ എന്നതാണ് ഇടതുമുന്നണിയുടെ  പ്രധാന ആശങ്ക. പാർട്ടിയോട് അടുപ്പമുള്ള  നായർ, ഈഴവ വോട്ടു ബാങ്ക്‌ ഉറപ്പിക്കാനുള്ള ശ്രമം വിജയിക്കുമോ എന്ന സംശയത്തിനിടെ  അവസാനം പുതിയ കാർഡ് ഇറക്കിയിരിക്കുകയാണ് ഇടതുമുന്നണി. ഓർത്തഡോൿസ് സഭ അംഗം ആയ വീണ ജോർജ് വഴി ന്യൂനപക്ഷ വോട്ടു ഏകീകരണമാണ് ഇടതു ലക്ഷ്യം.

ബിജെപിയുടെ ഹിന്ദു കാർഡും ഇടതിന്‍റെ ന്യൂനപക്ഷ പ്രേമവും ഏശില്ലെന്നാണ് യുഡിഫ് കണക്കു കൂട്ടൽ. വിശ്വാസികൾക്കായി അധികാരം ഉണ്ടായിട്ടും ബിജെ പി എന്ത് ചെയ്തു എന്ന പ്രചാരണം ഫലം കാണുമെന്നാണ് ആന്‍റോ ക്യാമ്പിന്‍റെ പ്രതീക്ഷ. സർക്കാരിനോടുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ എതിർപ്പും രാഹുൽ ഫാക്ടറും ന്യൂനപക്ഷത്തെ ഒപ്പം നിർത്താനുള്ള ഘടകങ്ങളായാണ് യുഡിഎഫ് കാണുന്നത്. 

ന്യൂന പക്ഷ വോട്ടുകൾ ആന്‍റോയ്ക്കും വീണക്കും വിഭജിച്ചു പോകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. 56% മുള്ള ഹിന്ദു വോട്ടിന്‍റെ ഏകീകരണത്തിലാണ് എല്ലാ പ്രതീക്ഷയും. പലതരം കണക്ക് കൂട്ടലിൽ ഒന്നാമത് ആരെത്തും എന്നതിനൊപ്പം മൂന്നാമത് ആര് പോകും എന്ന ആശങ്കയും പത്തനംതിട്ടയിൽ മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. 

click me!